Image Credit: X

  • ലളിത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളായതിനാല്‍ തിരച്ചില്‍ ദുഷ്കരമായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പ്രദേശത്തെയെല്ലാം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

വീട്ടില്‍ കളിച്ചുകൊണ്ട് നിന്ന അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയ പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി കുട്ടിയെ രക്ഷിച്ച് പൊലീസ്. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ മോട അങ്കാഡിയ ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശിയായ ലളിത് (25 ആണ് പൊലീസിന്‍റെ പിടിയിലായത്. കുട്ടിയുമായി ബൈക്കില്‍ കടന്നുകളഞ്ഞ പ്രതിയെ പതിനഞ്ചു മണിക്കൂര്‍ നീണ്ട തിരച്ചിലില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 

മധ്യപ്രദേശ് സ്വദേശിയായ രാകേഷ് ബമാനിയയുടെ മകനാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായത്. അമ്രേലിയില്‍ കുടുംബമായി കഴിഞ്ഞ് ജോലി ചെയ്യുകയായിരുന്നു രാകേഷ്. നാട്ടുകാരനായ ലളിത്, തൊഴിലന്വേഷിക്കാനെന്ന രീതിയിലാണ് പത്തുദിവസം മുന്‍പ് രാകേഷിന്‍റെ വീട്ടിലെത്തി താമസം തുടങ്ങിയതും വിശ്വാസമാര്‍ജിച്ചെടുത്തതും. കഴിഞ്ഞ ദിവസം രാകേഷ് ജോലിക്ക് പോയ സമയത്ത് ബൈക്കില്‍ കുട്ടിയുമായി ലളിത് സ്ഥലംവിട്ടു. 

കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. ലളിത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളായതിനാല്‍ തിരച്ചില്‍ ദുഷ്കരമായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പ്രദേശത്തെയെല്ലാം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇതിലാണ് പ്രതി കുട്ടിയെയുമായി ബൈക്കില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്.തുടര്‍ന്ന് അഞ്ച് പ്രത്യേക സംഘങ്ങളെ അന്വേഷണത്തിന് നിയോഗിച്ച് തിരയുകയായിരുന്നു. 

ദേശീയപാതകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ വ്യാപകമായി തിരഞ്ഞു. ഒടുവില്‍ വിര്‍പുരെന്ന സ്ഥലത്ത് വച്ച് പ്രതിയെ പൊലീസ് പിടികൂടി. കുട്ടിയെ തട്ടിക്കൊണ്ടു പോകാനുണ്ടായ കാരണം വ്യക്തമല്ലെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Gujarat Police successfully rescued a 5-year-old child from his kidnapper in a 15-hour operation across 170 CCTVs in Amreli district. The suspect, Lalit, had fled with the child on a motorcycle without a mobile phone. Police tracked CCTV footage across highways and toll plazas, apprehending the accused in Virpur and safely reuniting the boy with his family