Image: Facebook, Multivisionentertainments, AI Enhanced
കയ്പ്പേറിയ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള യുവതിയുടെ വൈകാരികമായ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഗുജറാത്ത് സ്വദേശിനിയായ ധര ഷായുടെ കുറിപ്പാണ് ഇപ്പോള്‍ ഫെയ്സ്ബുക്കിലുള്‍പ്പടെ പ്രചരിക്കുന്നത്.
‘2013ല്‍ വിവാഹം കഴിഞ്ഞ ധരയും ഭര്‍ത്താവും 2019ലാണ് ആദ്യകണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങിയത്. ഗര്‍ഭിണിയാണെന്നറിഞ്ഞ നാള്‍ മുതല്‍ ഓരോ ദിവസവും താനും ഭര്‍ത്താവും എണ്ണിയെണ്ണിയാണ് ദിവസങ്ങള്‍ തള്ളിനീക്കിയതെന്ന് ധര പറയുന്നു. എന്നാൽ പ്രസവമുറിയിലേക്ക് കയറിയ ആ ദിവസം , തന്റെ ജീവിതം തന്നെ മാറിമറിയുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് ധര പറയുന്നു. പ്രസവത്തോടനുബന്ധിച്ചുണ്ടായ സങ്കീര്‍ണതകള്‍ ഒരു മനുഷ്യജീവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
Also Read: താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നെന്ന് അഭിജീത്ത് ദീപ്കെ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
പ്രസവസമയത്ത് കുഞ്ഞിന്റെ തല കുടുങ്ങിപ്പോയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്, അതോടെ സിസേറിയന്‍ നടത്തേണ്ടിവന്നു. സിസേറിയനു പിന്നാലെ ധരയ്ക്ക് കഠിനമായ രക്തസ്രാവവും (Postpartum Haemorrhage) പിന്നാലെ ഹൃദയസ്തംഭനവും സംഭവിച്ചു. അടിയന്തരമായി നൽകിയ 90 മിനിറ്റോളം നീണ്ട സി.പി.ആറിലൂടെയാണ് ജീവൻ നിലനിർത്താനായത്. ഏഴു ദിവസത്തോളം ധര കോമയിലായിരുന്നു. നൂറോളം രക്തഘടകങ്ങള്‍ സ്വീകരിക്കേണ്ടി വന്നു, ശ്വാസകോശത്തിൽ നിന്ന് വെള്ളം നീക്കം ചെയ്യൽ, ഡയാലിസിസ്, അങ്ങനെയെല്ലാം അവൾ അനുഭവിച്ചു തീർത്തു. ബോധം വീണ്ടുകിട്ടിയ ശേഷമാണ് തന്റെ ഗർഭപാത്രത്തിന്റെ ഒരു ഭാഗവും അണ്ഡാശയങ്ങളും നീക്കം ചെയ്ത വിവരം അവൾ അറിയുന്നത്. ഇതിനുപുറമേ, എടുത്ത മരുന്നിന്റെ ഉള്‍പ്പെടെ പാര്‍ശ്വഫലമായി ഗാങ്ഗ്രീൻ (കോശങ്ങള്‍ക്ക് സംഭവിക്കുന്ന നാശം,Gangrene) ബാധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് അവളുടെ ഇരു കാലുകളും മുട്ടിന് താഴെ വെച്ചും, വലത് കൈമുട്ടും, ഇടത് കൈപ്പത്തിയുടെ ഒരു ഭാഗവും മുറിച്ചു മാറ്റേണ്ടിയും വന്നു.
Also Read: 2 വയസുളള പശുവിന് നേരെ പ്രകൃതിവിരുദ്ധ പീഡനം; യുവാവിനെ കയ്യോടെ പിടികൂടി ഉടമ; അറസ്റ്റ്
തീര്‍ന്നില്ല, നിരവധി ശസ്ത്രക്രിയകൾക്കും സ്കിൻ ഗ്രാഫ്റ്റിങ്ങിനും കഠിനമായ റീഹാബിലിറ്റേഷന്‍ ഘട്ടങ്ങൾക്കും വിധേയമായി, വളരെ നാളുകൾക്ക് ശേഷമാണ് ധര തന്റെ കുഞ്ഞിനെ കണ്ടത്്. നാലഞ്ചു മാസങ്ങൾക്ക് ശേഷമാണ് ഒടുവിൽ വീട്ടിലേക്ക് തിരിച്ചെത്തിയത്. എത്ര കഠിനമായ വേദനകള്‍ അനുഭവിച്ചാലും തന്റെ മകന്‍ മാഹിറിനെ കയ്യിൽ കിട്ടിയ നിമിഷം വേദനയും സങ്കടവും എല്ലാം മറക്കുകയായിരുന്നു ധര.
അവന്റെ കളിചിരിയിലൂടെ ധര ജീവിതത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങിയിരുന്നു. എന്നാൽ , വിധി വീണ്ടും അവളെ പരീക്ഷിച്ചു. കുഞ്ഞിന്റെ ആരോഗ്യം ഓരോ ദിവസവും മോശമായിക്കൊണ്ടിരുന്നു. പരിശോധനയിൽ കുഞ്ഞിന് ചികിത്സയില്ലാത്ത ഒരു ജനിതക രോഗമാണെന്ന് തിരിച്ചറിഞ്ഞു. പല ശ്രമങ്ങളും നടത്തിയെങ്കിലും പത്തു മാസങ്ങൾക്ക് ശേഷം വിധി അവനേയും കൊണ്ട് പോയി. അവന്റെ വേർപാടോടെ താന്‍ പൂർണമായും തകർന്നുപോയതായി ധര പറയുന്നു.
‘മാസങ്ങളോളം ഉറക്കം പോലുമില്ലാതെ ഞാൻ കരഞ്ഞു. ആ ദിനങ്ങൾ ഓർക്കുമ്പോൾ ഇന്നും എനിക്ക് ഭയമാണ്. ആ സങ്കടത്തിലും എന്റെ കുഞ്ഞിനെ കുറിച്ച് ഓർത്തപ്പോൾ എനിക്ക് അഭിമാനം തോന്നി. വെറും പത്തു മാസം മാത്രമുണ്ടായിരുന്ന എന്റെ കുഞ്ഞ് നടത്തിയ പോരാട്ടം അത്രയും വലുതായിരുന്നു. അവൻ ഇത്രയധികം പോരാടിയെങ്കിൽ, അവന്റെ അമ്മയായ എനിക്ക് എന്തുകൊണ്ട് കഴിയുന്നില്ല എന്ന് ഞാൻ ചിന്തിച്ചു. അവിടെനിന്നാണ് ഞാൻ വീണ്ടും പോരാടാൻ തുടങ്ങിയത്.വീൽചെയറിൽ നിന്ന് വാക്കറിലേക്കും, അതിനുശേഷം സ്വന്തം കാലിൽ നിലയുറപ്പിക്കാനും ഞാൻ പഠിച്ചു. എല്ലാത്തിനും എന്റെ ഭർത്താവ് നൽകിയ പിന്തുണയാണ് മുന്നോട്ട് പോകാൻ എനിക്ക് കരുത്തായത്. ഇന്ന് 5000 മാരത്തോൺ പൂർത്തിയാക്കി അത് ഞാൻ എന്റെ മകന് സമർപ്പിച്ചു. അവൻ എനിക്ക് നൽകിയ ആത്മവിശ്വാസവും ബലവും അത്രയും വലുതായിരുന്നു.
ജീവിതം എന്നിൽ നിന്ന് എനിക്ക് പ്രിയപ്പെട്ടത് എല്ലാം കവർന്നെടുത്തു. പക്ഷേ, തോറ്റുകൊടുക്കരുത് എന്ന വലിയ പാഠമാണ് എന്റെ മകൻ എന്നെ പഠിപ്പിച്ചത്. എത്ര വലിയ പ്രതിസന്ധികൾ വന്നാലും പോരാടുക’– ധരയുടെ വാക്കുകള്‍.
ധരയുടെ ഈ കുറിപ്പിനു താഴെ നിരവധി പേരാണ് ആശംസകളും പ്രാര്‍ഥനകളുമായെത്തുന്നത്. ഇനിയും ഒരുപാടൊരുപാട് ഉയരങ്ങള്‍ കീഴടക്കാനാവട്ടേയെന്ന് ആശംസിക്കുകയാണ് സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍. ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷി ദ് പീപ്പിളില്‍ (shethepeople) ഉള്‍പ്പെടെ ധരയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.