രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ എയ്ഡ്-ഡി-കാമ്പ് (Aide-de-Camp) ആയിരുന്ന റിഷഭ് സിങ് സാംബ്യാൽ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സെപ്റ്റംബര്‍ ആദ്യമാണ് അദ്ദേഹം 12 വര്‍ഷത്തെ സേവനത്തിനു ശേഷം സൈന്യത്തില്‍ നിന്നും സ്വയം വിമരിച്ചത്. മേജറായിരുന്നെങ്കിലും എഡിസിയായിരുന്ന കാലത്തെ പ്രവര്‍ത്തനമാണ് അദ്ദേഹത്തിന് ശ്രദ്ധ നല്‍കിയത്. വിരമിച്ച ശേഷം എഡിസി കാലത്തെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് അദ്ദേഹം.
രാജ് ഷാമനിയുടെ പോഡ്‌കാസ്റ്റിലാണ് റിഷഭ് സിങ് അതിഥിയായെത്തിയത്. പ്രസിഡന്‍റിന്‍റെ എഡിസിയായിരുന്ന കാലത്തെ ഏറ്റവും വലിയ ത്യാഗം എന്തായിരുന്നു എന്നാണ് റിഷഭ് സിങിനോടുള്ള ചോദ്യം. എന്നാല്‍ ജോലിയിലെ സമ്മര്‍ദ്ദമോ ഉത്തരവാദിത്വങ്ങളോ ആയിരുന്നില്ല ഉത്തരം. വ്യക്തി ജീവിതത്തെ പറ്റിയായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.
താന്‍റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് റിഷഭ് അഭിമുഖത്തില്‍ പറഞ്ഞത്. രാഷ്ട്രപതിയുടെ എയ്ഡ്-ഡി-കാമ്പുകൾക്ക് പദവിയിലിരിക്കെ വിവാഹം കഴിക്കാൻ അനുവാദമില്ല. കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതും സാധാരണ ജീവിതത്തില്‍ നിന്നും മാറി നിന്നതുമാണ് താൻ നൽകിയ ഏറ്റവും വലിയ വിലയെന്നും അദ്ദേഹം പറഞ്ഞു.
എയ്ഡ്-ഡി-കാമ്പായി ശ്രദ്ധേനേടിയെങ്കിവും ഒരിക്കലും സ്വപ്നം കണ്ടിരുന്ന പദവിയായിരുന്നില്ലെന്നും അദ്ദേഹം പോഡ്കാസ്റ്റില്‍ പറഞ്ഞു. പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അങ്ങനെയൊരു തസ്തിക നിലവിലുണ്ടെന്ന് പോലും തനിക്കറിയില്ലായിരുന്നു എന്നും റിഷഭ് പറഞ്ഞു.
ജമ്മു കശ്മീരിലെ സംബാ സ്വദേശിയാണ് 31കാരനായ റിഷഭ്. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലൂടെയാണ് അദ്ദേഹം സൈന്യത്തിലെത്തിയത്. സൈന്യത്തില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒന്നായിരുന്നുവെന്നും വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണ് വിരമിച്ചതെന്നും അദ്ദേഹം വിരമിച്ച ശേഷം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.