ഫ്ലോറിഡയിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ ഗവേഷണ കേന്ദ്രത്തിൽ നിന്ന് മനസ്സിനെ സ്പർശിക്കുന്നതും അമ്പരപ്പിക്കുന്നതുമായ ഒരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചുണ്ടിൽ വലിയ ചൂണ്ടക്കൊളുത്തും വലയും കുടുങ്ങി നീന്താനോ ഇരപിടിക്കാനോ കഴിയാതെ പരിക്കേറ്റ ഒരു പെലിക്കൻ പക്ഷി, അത് സഹായം തേടി എത്തിയതാകച്ചെ ഫ്ലോറിഡയിലെ NOAA യ്ക്ക് മുൻപിലും. കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും സംഭവം സത്യമാണ്. 

വിശപ്പും വേദനയും സഹിക്കാനാവാതെ വന്നപ്പോഴായിരിക്കാം പെലിക്കൻ പക്ഷി മനുഷ്യർക്ക് തന്നെ സഹായിക്കാനാകും എന്ന് മനസ്സിലാക്കി ഗവേഷണ കേന്ദ്രത്തിലേക്ക് എത്തിയത്. വാതിൽ തുറക്കാൻ ആവശ്യപ്പെടും വിധം പക്ഷി കൊക്ക് കൊണ്ട് പലയാവർത്തി മുട്ടിവിളിക്കുകയും ചെയ്തു. വാതിലിൽ അപരിചിതമായ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ ജീവനക്കാർ കണ്ടത് കൊക്കിൽ ചൂണ്ടക്കൊളുത്ത് കുടുങ്ങി നിസഹായനായി നിൽക്കുന്ന പക്ഷിയേയും. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ തന്നെ പറയുന്നതാണിത്.

ഒട്ടും സമയം കളയാതെ അടിയന്തര മൃഗസംരക്ഷക സംഘവും വൈൽഡ് ലൈഫ് റെസ്ക്യൂ ടീമും ചേർന്ന് പക്ഷിയുടെ കൊക്കിൽ തറച്ചിരുന്ന ചൂണ്ടക്കൊളുത്തും നൂലുകളും നീക്കം ചെയ്തു. കൃത്യസമയത്ത് പ്രഥമശുശ്രൂഷയും ഭക്ഷണവും ലഭിച്ചതോടെ പക്ഷി മെല്ലെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. 

മൃഗങ്ങൾക്കും പക്ഷികൾക്കും അപകടഘട്ടങ്ങളിൽ മനുഷ്യന്റെ സ്നേഹവും സഹായവും തിരിച്ചറിയാൻ പ്രത്യേക കഴിവുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇത് തങ്ങൾ നേരിട്ട് കാണുമെന്ന് വിചാരിച്ചില്ലെന്നും ഉദ്യോഗസ്ഥൻ പറയുന്നു. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയില്‍ ചർച്ചയാകുകയാണ്.

ENGLISH SUMMARY:

A pelican in Florida, injured with a fishing hook and line, surprisingly sought help from the National Oceanic and Atmospheric Administration (NOAA) research center. The NOAA officers were amazed when the bird repeatedly tapped on their door, indicating its distress and need for assistance.