• അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങൾ വഴി നിയമവിരുദ്ധമായി കടത്തുന്ന ഒരു ഒറാങ്ങ് ഉട്ടാൻ കുഞ്ഞിന് അന്താരാഷ്ട്ര മാർക്കറ്റിൽ 20 ലക്ഷം മുതൽ 25 ലക്ഷം ഇന്ത്യൻ രൂപവരെ വിലവരും

ഒഡീഷയിലെ ബാലസോറിലുള്ള ബിചിത്രപൂർ വനമേഖലയിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ അഞ്ച് ഒറാങ്ങ് ഉട്ടാൻ കുഞ്ഞുങ്ങളെ കഴിഞ്ഞ ദിവസം കണ്ടെത്തി. സെപ്റ്റംബർ എട്ടിന് ജലേശ്വർ റേഞ്ചിൽ പട്രോളിങ് നടത്തുകയായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഒരു വയസുള്ള ഒന്നും ആറുമാസം പ്രായമുള്ള നാല് ഒറാങ്ങ് ഉട്ടാൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഒറാങ്ങ് ഉട്ടാന്മാരെ ഇന്ത്യയിലേക്ക് എത്തിച്ച അന്താരാഷ്ട്ര വന്യമൃഗക്കടത്ത് സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്. 

ഇന്തൊനീഷ്യ, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ മഴക്കാടുകളിൽ മാത്രം കാണപ്പെടുന്നവയാണ് ഒറാങ്ങ് ഉട്ടാനുകള്‍. ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷന്‍ ഓഫ് നേച്ചറിന്റെ ‘റെഡ് ബുക്കിൽ’ വംശനാശത്തിനു തൊട്ടുമുൻപായുള്ള ‘അതീവഗുരുതര ഭീഷണി നേരിടുന്ന’ ജീവികളുടെ വിഭാഗത്തിലാണ് ഒറാങ് ഉട്ടാനുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ സംരക്ഷണത്തിന് ലോകം വലിയ പ്രധാന്യം നല്‍കുന്ന സമയത്താണ് ഒറാങ്ങ് ഉട്ടാനുകളുടെ അനധികൃത കടത്തല്‍ കണ്ടെത്തിയിരിക്കുന്നത്. ഒറാങ്ങ് ഉട്ടാന്‍ കുഞ്ഞുങ്ങളെ തിരികെ കൊണ്ടുപോകുന്നതിന് ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

കടൽമാർഗം ഇന്ത്യയിലേക്ക് ഇവയെ കടത്തിയതാണെന്നാണ് സംശയിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശത്തെ 46-ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ ഒരു മഹീന്ദ്ര ഥാർ വാഹനം കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഒഡീഷയിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമുള്ള 40 ലധികം പേരെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) ഇതുവരെ ചോദ്യം ചെയ്തു.

അഞ്ച് ഒറാങ്ങ് ഉട്ടാനുകളെയും ഭുവനേശ്വറിലെ നന്ദൻകാനൻ മൃഗശാലയിലേക്ക് മാറ്റി പ്രത്യേക പരിചരണവും വൈദ്യസഹായവും നല്‍കിവരികയാണ്. പ്രാഥമിക നിരീക്ഷണങ്ങളിൽ ഇവ സുമാത്രൻ ഒറാങ്ങ് ഉട്ടാനുകളായിരിക്കാമെന്ന് വിലയിരുത്തുന്നത്. ഡിഎൻഎ പരിശോധനയിലൂടെ അവയുടെ ഇനവും ജനിതക ഉത്ഭവവും സ്ഥിരീകരിക്കും. സംഭവത്തിൽ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉത്തരവിട്ടതു പ്രകാരമാണ് എസ്ടിഎഫിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്. 

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങൾ വഴി നിയമവിരുദ്ധമായി കടത്തുന്ന ഒരു ഒറാങ്ങ് ഉട്ടാൻ കുഞ്ഞിന് അന്താരാഷ്ട്ര മാർക്കറ്റിൽ 20 ലക്ഷം മുതൽ 25 ലക്ഷം ഇന്ത്യൻ രൂപവരെ വില ഈടാക്കുന്നതായി വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം ഒറാങ്ങ് ഉട്ടാനുകളെ വീട്ടിൽ വളർത്തുന്നതും കൈവശം വെക്കുന്നതും ജാമ്യമില്ലാ കുറ്റമാണ്. പലപ്പോഴും ഒറാങ്ങ് ഉട്ടാൻ കുഞ്ഞുങ്ങളെ പിടികൂടാൻ കള്ളക്കടത്തുകാർ അതിന്റെ അമ്മയെ കൊലപ്പെടുത്താറുണ്ട്. അതുകൊണ്ടു തന്നെ ഇവയുടെ അനധികൃത വ്യാപാരം വലിയ ക്രൂരതയാണ് ലോകം വിലയിരുത്തുന്നത്. 

ENGLISH SUMMARY:

Orangutan cubs were recently discovered abandoned in the Bichitrapur forest area of Balasore, Odisha. Investigations are underway into an international wildlife trafficking ring involved in smuggling these critically endangered animals into India.