തൃശൂർ വടക്കാഞ്ചേരി അകമലയിൽ കാട്ടാനശല്യം തുടർക്കഥയാകുന്നു . വൈദ്യുതി ലൈനിലേക്ക് പന മറിച്ചിട്ട ആനകൾ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കി. നേരം ഇരുട്ടിയാൽ വീട്ടുമുറ്റം പോലും സുരക്ഷിതമല്ലെന്ന് പരാതി.
ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തെ ഒരു വീട്ടുമുറ്റത്ത് രണ്ടാനകൾ എത്തിയത് വലിയ ഭീതി പടർത്തിയിരുന്നു. വനപാലകരും നാട്ടുകാരും ചേർന്നാണ് ആനകളെ കാട്ടിലേക്ക് തുരത്തിയത്. ഇലക്ട്രിക് ലൈനിലേക്ക് ഭീമൻ മരം മറിഞ്ഞുവീണതോടെ പ്രതിഷേധവുമായി നാട്ടുകാർ ഒന്നാകെ രംഗത്തെത്തി. ജനവാസ മേഖലക്ക് സമീപം കാട്ടാനകൾ തമ്പടിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായതെന്ന് നാട്ടുകാർ പറഞ്ഞു.
കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നതും ഇവിടെ പതിവാണ്. സോളാർ ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ ചിലയിടങ്ങളിൽ തകരാറിലുമാണ്. കാട്ടാന ശല്യം അകറ്റാൻ ശാശ്വത നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.