സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലകുടിയിലേക്ക് അനുവദിച്ച ആംബുലൻസ് കട്ടപ്പുറത്ത്. അറ്റകുറ്റപ്പണികൾ നടത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ ആശുപത്രിയിലെത്താൻ സ്വന്തം നിലയിൽ വാഹനം  വിളിക്കേണ്ട ഗതികേടിലാണ് ആദിവാസികൾ.  

ഇടമലക്കുടി പഞ്ചായത്തിലെ 26 കുടികളിൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് വാഹനങ്ങൾ എത്തുക. അടിയന്തര സാഹചര്യമുണ്ടായാൽ കാനനപാതയിലൂടെ രോഗികളെ പലപ്പോഴും ചുമന്നാണ് ആശുപത്രിയിൽ എത്തിക്കുന്നത്. പ്രതിസന്ധി കണ്ടറിഞ്ഞ് വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ സംഘടന പഞ്ചായത്തിന് ആംബുലൻസ് വാങ്ങി നൽകി. എന്നാൽ കാലങ്ങളായി അറ്റകുറ്റിപ്പണികൾ നടത്താതിരുന്നതോടെ ആംബുലൻസ് പണിമുടക്കി. കൂമ്പൻപാറക്ക് സമീപം റോഡ് അരികിൽ തുരുമ്പെടുത്ത് നശിക്കുകയാണ് ഈ ആംബുലന്‍സിപ്പോള്‍. ഇടമലക്കുടിക്ക് അനുവദിച്ച മൂന്ന് ആംബുലൻസുകളിൽ രണ്ടെണ്ണം കട്ടപ്പുറത്താണ്.

കഴിഞ്ഞ ഒരുമാസത്തിനിടെ നാല് രോഗികളെയാണ് വിവിധ കുടികളിൽ നിന്ന് ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. ആംബുലൻസ് ഓടിത്തുടങ്ങിയാൽ ഒരു പരിധിവരെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയും എന്നാണ് പ്രതീക്ഷ. ഇതിനായി സർക്കാർ ഇടപെടണമെന്നാണ് ആദിവാസികളുടെ ആവശ്യം 

ENGLISH SUMMARY:

Idamalakkudy ambulance services are stalled due to lack of maintenance, leaving tribal residents to find their own transport to hospitals. This situation forces many to carry patients through forest paths during emergencies, highlighting a critical gap in healthcare access for the remote tribal panchayat.