Image Credit: x/supriyasahu

  • നദിയിലെ വെള്ളത്തില്‍ മുങ്ങിത്താഴുന്ന കുട്ടിയാനയെ കണ്ട് വള്ളം വേഗത്തില്‍ അതിനരികിലേക്ക് മല്‍സ്യത്തൊഴിലാളികള്‍ എത്തിക്കുകയായിരുന്നു

വെള്ളത്തിലൊഴുകി വന്ന കുട്ടിയാനയെ വള്ളത്തിലെത്തി രക്ഷിച്ച് മല്‍സ്യത്തൊഴിലാളികള്‍. ബംഗാളിലെ ടീസ്റ്റ നദിയിലൂടെയാണ് കുട്ടിയാന ഒഴുകിയെത്തിയത്. മല്‍സ്യത്തൊഴിലാളികള്‍ കുട്ടിയാനയെ രക്ഷിക്കുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. രക്ഷിച്ചെടുത്ത കുട്ടിയാനയെ അതിന്‍റെ അമ്മയ്ക്കൊപ്പം ചേര്‍ക്കാനുമായി. 

ബംഗാളിലെ ബൈകുണ്ഡാപുര്‍ ഫോറസ്റ്റ് ഡിവിഷനിലെ ജീവനക്കാരാണ് അമ്മയാനയ്ക്കരികിലേക്ക് കുഞ്ഞിെന എത്തിച്ചത്. നദിയിലെ വെള്ളത്തില്‍ മുങ്ങിത്താഴുന്ന കുട്ടിയാനയെ കണ്ട് വള്ളം വേഗത്തില്‍ അതിനരികിലേക്ക് മല്‍സ്യത്തൊഴിലാളികള്‍ എത്തിക്കുകയായിരുന്നു. എടുത്ത് വള്ളത്തില്‍ കിടത്തി പ്രാഥമികശുശ്രൂഷയും നല്‍കി. കരയിലെത്തിയ ഉടന്‍ ആനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. 

സുപ്രിയ സാഹു ഐഎഎസാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 'ടീസ്റ്റയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയാനയെ രക്ഷിച്ചെടുത്തത് നോക്കൂ. മല്‍സ്യത്തൊഴിലാളികളുടെ ധൈര്യവും സഹാനുഭൂതിയും ദ്രുതഗതിയിലെ പ്രവര്‍ത്തനവും പ്രശംസനീയമാണ്. ബൈകുണ്ഡാപുര്‍ ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു. എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയ്ക്ക് അതിനെ തിരികെ കിട്ടി' എന്നായിരുന്നു അവര്‍കുറിച്ചത്. 'അതിമനോഹരമായ രക്ഷാപ്രവര്‍ത്തനം' എന്നൊരാളും മല്‍സ്യത്തൊഴിലാളികളുടെ ധൈര്യം അപാരമെന്ന് ചിലരും കുറിച്ചിട്ടുണ്ട്. കുട്ടിയാനയ്ക്ക് ഭാഗ്യമുണ്ട്, വെള്ളത്തിലൊഴുകിപ്പോയിട്ടും അമ്മയുടെ അടുത്ത് തിരിച്ചെത്താന്‍ കഴിഞ്ഞല്ലോ എന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Local fishermen in West Bengal heroically rescued an elephant calf swept away by strong currents in the swollen Teesta River. The fishermen pulled the struggling calf into their boat and brought it ashore, where Baikanthapur Forest Division officials successfully reunited it with its mother. IAS officer Supriya Sahu lauded the courage and swift action of the rescuers.