മുംബൈ കോസ്റ്റൽ റോഡിൽ അതിവേഗതയിലെത്തിയ ആഡംബര കാർ നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 5:20-ഓടെയാണ് നഗരത്തെ നടുക്കിയ ദാരുണാപകടം ഉണ്ടായത്.

മറൈൻ ഡ്രൈവിൽ നിന്ന് ഹാജി അലി ഭാഗത്തേക്ക് അതിവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് കാർ പാലത്തിന്റെ സുരക്ഷാ ഭിത്തിയും മുകളിലെ സൈന്‍ ബോർഡും തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. പാലത്തിന് താഴെ പാര്‍ക്കിങ് ഏരിയയുടെ നിര്‍മാണം നടക്കുന്ന സ്ഥലത്തേക്കാണ് കാര്‍ പതിച്ചത്. അപകടവിവരം അറിഞ്ഞയുടൻ കോസ്റ്റൽ റോഡ് കൺട്രോൾ റൂം രക്ഷാപ്രവർത്തനം ആരംഭിച്ചു. കാറിലുണ്ടായിരുന്ന നാല് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല.

ഷനായ് ഗജ്ജൽ (21), ധൈര്യ സേഥ് (17), ആദിത്യ ജകസ്നിയ (19) എന്നിവരാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ 23കാരനായ ആദിത്യ കൽപേശ്വർ ഓസ്വാൾ തീവ്രപരിചരണ വിഭാഗത്തിൽ ജീവനായി പോരാടുകയാണ്. അപകടത്തില്‍ കാർ പൂർണ്ണമായും തകർന്നു. കാറിന്റെ മേൽക്കൂരയും മുൻഭാഗവും എന്‍ജിനും തകര്‍ന്ന് തരിപ്പണമാവുകയും ചെയ്തു. റൂഫ് കാറിനുള്ളിലേക്ക് അമരുകയും വിൻഡ്ഷീൽഡ് നൂറുകണക്കിന് കഷണങ്ങളായി തകരുകയും ചെയ്തു. മുൻവശം പൂർണ്ണമായും തകർന്ന് എന്‍ജിനുകള്‍ പുറത്തേക്ക് കാണാവുന്ന രീതിയിലായിരുന്നു കാര്‍.

സംഭവത്തിൽ മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാറുകളുടെ മത്സരയോട്ടവും അശ്രദ്ധമായ ഡ്രൈവിങും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സെപ്റ്റംബർ ആദ്യവാരം കോസ്റ്റൽ റോഡ് ടണലിനുള്ളിൽ ലാംബോർഗിനി ഉൾപ്പെടെയുള്ള സൂപ്പർ കാറുകൾ ഉപയോഗിച്ച് റേസിങ് നടത്തിയതിന് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.

ENGLISH SUMMARY:

A speeding luxury car plunged off a bridge on the Mumbai Coastal Road early Sunday morning, killing three young occupants and leaving one critically injured. The vehicle, travelling from Marine Drive towards Haji Ali, broke through the safety wall and an overhead signboard before crashing into an under-construction parking area below. Emergency teams from the Coastal Road control room rushed the four victims to the hospital, where Shanaya Gajjal, Dhairya Seth, and Aditya Jakasnia succumbed to their injuries. The police have registered a case and launched a probe into the crash, which comes amid growing concerns over reckless super-car racing along the Coastal Road stretch.