ഗണേശോത്സവത്തിന്റെ സമാപന ചടങ്ങുകളോടനുബന്ധിച്ച് നടന്ന വിഗ്രഹ നിമജ്ജനത്തിനിടെ വിങ്ങിപ്പൊട്ടി കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) നേതാവുമായ ചിരാഗ് പാസ്വാൻ. ഗണപതി വിഗ്രഹം നിമഞ്ജനം നൽകുന്നതിനിടെ വികാരഭരിതനായി കണ്ണീർ തുടയ്ക്കുന്ന ചിരാഗ് പാസ്വാന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുംബൈയിൽ നടന്ന ചടങ്ങുകളിൽ നടനും അടുത്ത സുഹൃത്തുമായ വിശാൽ സിങ്ങിനൊപ്പമാണ് ചിരാഗ് പാസ്വാൻ പങ്കെടുത്തത്. പിങ്ക് നിറത്തില്‍, ഒരേപോലുള്ള പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ചടങ്ങിനെത്തിയത്. വിഗ്രഹ നിമജ്ജന പൂര്‍ത്തിയായതിന് പിന്നാലെ ചിരാഗ് പൊട്ടിക്കരയുകയും കണ്ണുകൾ തുടയ്ക്കുകയും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. ചിരാഗിനൊപ്പം വിശാലും കരയുന്നതും ഇരുവരേയും പിറകില്‍ നില്‍ക്കുന്നവര്‍ ആശ്വസിപ്പിക്കുന്നതും വിഡിയോയിലുണ്ട്.

വിഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ഭക്തർ ഗണപതിയോട് വിട പറയുമ്പോഴുണ്ടാകുന്ന വൈകാരിക നിമിഷമാണിതെന്ന് ഒരു വിഭാഗം ആളുകൾ പറയുന്നു. എന്നാല്‍ മുൻ ബോളിവുഡ് നടൻ കൂടിയായ ചിരാഗ് പാസ്വാന്റെ കണ്ണീർ 'അഭിനയം' ആണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വിമർശനം.

രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപ് 'മി ലേ ചലേം ആപ്കെ സാത്ത്' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ചിരാഗ് പാസ്വാൻ. ഇത് ചൂണ്ടിക്കാട്ടിയാണ് പലരും വിമർശനങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ, ഓരോ ഭക്തനും വിഗ്രഹ നിമഞ്ജന വേളയിൽ അനുഭവപ്പെടുന്ന ഭക്തിനിർഭരമായ നിമിഷമാണിതെന്നും അതിനെ രാഷ്ട്രീയവൽക്കരിക്കരുതെന്നും ചിരാഗ് പാസ്വാന്റെ അനുയായികള്‍ പ്രതികരിച്ചു.

'സാത്ത് നിഭാന സാഥിയ' എന്ന പ്രശസ്ത ഹിന്ദി സീരിയലിലെ 'ജിഗർ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ചിരാഗിനൊപ്പം ചടങ്ങില്‍ പങ്കെടുത്ത വിശാൽ സിങ്.

ENGLISH SUMMARY:

Union Minister and Lok Janshakti Party (Ram Vilas) leader Chirag Paswan was seen breaking down in tears during the Ganesh idol immersion ceremony in Mumbai. Attending the event alongside actor friend Vishal Singh, the duo wore matching pink traditional attire as they bid an emotional farewell to Lord Ganesha. The video quickly went viral, drawing mixed reactions online with some praising his deep devotion and critics mocking it as an acting display. Addressing the backlash, Paswan's supporters asserted that the tears reflected genuine faith that should not be politicized for his past Bollywood background.