ടിക്കറ്റ് പരിശോധനയ്ക്കിടെ വസ്ത്രം വലിച്ചൂരി ടിടിഇ ഉപദ്രവിച്ചെന്ന വാദവുമായി യുവതി. യുവതിയോട് ടിക്കറ്റ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രകോപനം. ടിക്കറ്റില്ലാതെയായിരുന്നു യുവതി യാത്ര ചെയ്തത്. പിന്നാലെ വസ്ത്രങ്ങള്‍ വലിച്ചുകീറി ടിടിഇ ഉപദ്രവിച്ചെന്ന വാദമാണ് യുവതി ഉന്നയിച്ചത്. ടിടിഇ ചിത്രീകരിച്ച വിഡിയോയെ തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് യുവതിക്കു പിഴ ചുമത്തി.
സെപ്റ്റംബർ 16-ന് ദനാപൂർ-സെക്കന്തരാബാദ് എക്സ്പ്രസിലാണ് സംഭവം. ടിക്കറ്റില്ലാതെ യാത്ര ചെയ്ത രാധിക തിവാരി യുവതിയാണ് ടിടിഇയ്ക്കെതിരെ വ്യാജആരോപണം ഉന്നയിച്ചത്. ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇ യുവതിയോട് ടിക്കറ്റ് ചോദിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ടിക്കറ്റില്ലാതിരുന്ന യുവതി പണം നല്‍കാമെന്നും തന്‍റെ സഹോദരന്‍ റെയില്‍വെയിലാണെന്നും യുവതി ടിടിഇയോട് പറഞ്ഞു.
എന്നാല്‍ ടിടിഇ ചോദ്യങ്ങൾ ചോദിക്കുന്നത് തുടർന്നതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ യുവതി സഹോദരനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. പിന്നീട് ടിടിഇ മോശമായി സ്പർശിക്കാൻ ശ്രമിച്ചുവെന്നും ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് യുവതി സ്വന്തം വസ്ത്രം വലിച്ച് കീറാന്‍ ശ്രമിക്കുകയായിരുന്നു.
പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജങ്ഷനിൽവെച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് യുവതിക്ക് 1,000 രൂപ പിഴ ചുമത്തുകയായിരുന്നു. എന്നാൽ വ്യാജ ആരോപണമുന്നയിച്ച സംഭവത്തിൽ ഇതുവരെ മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. റെയിൽവേ ജീവനക്കാർ നേരിടുന്ന ഇത്തരം അപകടസാധ്യതകളെക്കുറിച്ചും, ഇത്തരം വ്യാജ ആരോപണങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് ബോഡി ക്യാമറകളുടെ ആവശ്യകതയെക്കുറിച്ചുമാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.