പാലക്കാട് ഡിവിഷന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചതിനു പകരമായി കേരളത്തിനായി പ്രത്യേക റെയില്‍വേ സോണ്‍ ആവശ്യപെടാന്‍ സര്‍ക്കാരിലും എംപിമാരിലും ധാരണ. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ത്ത് പുതിയ സോണ്‍ രൂപീകരിക്കമെന്നാണ് ആവശ്യം. വിഴിഞ്ഞം തുറമുഖത്തുനിന്ന് കരവഴിയുള്ള കണ്ടെയ്നര്‍ നീക്കം തുടങ്ങിയ സാഹചര്യത്തില്‍ റെയില്‍വേ അടിസ്ഥാനസൗകര്യ വികസനത്തിനു സോണ്‍ തന്നെ വേണമെന്നാണു വാദം.
സാമ്പത്തിക നട്ടെല്ലായ മംഗളുരുവിനെ മൈസുരുവിനോടു ചേര്‍ത്തതു റദ്ദാക്കണമെന്നാവശ്യപ്പെട്ടു റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, റെയില്‍വേ മന്ത്രി അടക്കമുള്ളവരെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കാണാനിരിക്കുകയാണ്. തീരുമാനം റദ്ദാക്കാനുള്ള സാധ്യത വിരളമായതിനാലാണു ആശ്വാസ പാക്കേജ് ആവശ്യപെടാന്‍ തീരുമാനിച്ചത്.
കാര്യമായ പഠനമില്ലാതെ നടത്തിയ അതിര്‍ത്തി പുനര്‍നിര്‍ണയം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവും ഉയര്‍ത്തും. മംഗളുരു വിട്ടുനല്‍കിയാല്‍ അടുത്തതായി തിരുവനന്തപുരം ഡിവിഷന്റെ ഭാഗമായുള്ള നാഗര്‍കോവിലിലും സമാന വിഭജന ആശയം ഉയരുമെന്നും എംപിമാര്‍ റയില്‍വേ മന്ത്രിയെ നേരിട്ടു കണ്ടു ധരിപ്പിക്കും.
പ്രതിവര്‍ഷം 1600 കോടിയിലേറെ രൂപയാണ് പാലക്കാട് ഡിവിഷന്‍ വിഭജനത്തിലൂടെ മാത്രം കേരളത്തിന് നഷ്ടമാകുക. കഴിഞ്ഞ വര്‍ഷം മാത്രം പനമ്പൂരിലെ ഗുഡ്സ് ടെര്‍മിനലുകളില്‍ നിന്ന് 637 കോടി രൂപ വരുമാനം ലഭിച്ചിരുന്നു. ടിക്കറ്റ് – ടിക്കറ്റ് ഇതര വരുമാനമായി 1136 കോടി രൂപയും ലഭിച്ചു. തുറമുഖം, പനമ്പൂരിലെ കോള്‍ ടെര്‍മിനല്‍, ഉഡുപ്പി പവര്‍ കോര്‍പ്പറേഷന്‍ ടെര്‍മിനല്‍, മംഗളുരു കെമിക്കല്‍ആന്‍ഡ് ഫെര്‍ടിലൈസര്‍ തുടങ്ങിയവയാണ് ഡിവിഷനിലേക്ക് ഇത്ര വലിയ തുകയെത്താന്‍ കാരണം. കോള്‍ ടെര്‍മിനലില്‍ നിന്നുമാത്രം 387.85 കോടി രൂപയാണ് വരുമാനമായി വന്നത്. ഉഡുപ്പി താപനിലയത്തിലേക്ക് ഇന്ധനമെത്തിച്ച വകയില്‍ 64 കോടി രൂപയും ചരക്ക് കടത്തുകൂലിയായി ലഭിച്ചിരുന്നു. ഇതെല്ലാമാണ് വിഭജനത്തോടെ ഇല്ലാതായത്. പാലക്കാട് ഡിവിഷന്‍ വിഭജിച്ച് മംഗളൂരു മേഖലയെ മംഗളൂരു മേഖലയോട് ചേര്‍ത്തുള്ള ഉത്തരവ് ഒക്ടോബര്‍ ഒന്ന് മുതലാകും പ്രാബല്യത്തില്‍ വരിക.