• 2019 മുതല്‍ 2024 വരെ 230 കോടി രൂപയുടെ നെയ്യാണ് സുകൃതി തിരുമല ദേവസ്വത്തിന് നല്‍കിയത്. ഇതില്‍ 96 കോടിയുടെ കൃത്രിമ നെയ്യ് മംഗ്ലയാണ് വിതരണം ചെയ്തതെന്നും ഇഡി

തിരുപ്പതി ലഡ്ഡു തയാറാക്കുന്നതിനുള്ള നെയ്യില്‍ മായം ചേര്‍ത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സുകൃതി ഫുഡ്സ് പ്രമോട്ടര്‍ കൈലാഷ് ചന്ദ് മംഗ്ലയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. അഗ്മാര്‍ക്ക് സ്പെഷല്‍ ഗ്രേഡോടു കൂടിയ പശുവിന്‍ നെയ്യ് എന്ന പേരില്‍ തിരുമല തിരുപ്പതി ദേവസ്വത്തിന് കൈമാറിയ നെയ്യ് പാം ഓയില്‍, പാം കെര്‍നല്‍ ഓയില്‍, പാമോലീന്‍, മറ്റ് രാസവസ്തുക്കള്‍ എന്നിവ ചേര്‍ത്ത് നിര്‍മിച്ചതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്. 

17ന് കസ്റ്റഡിയിലെടുത്ത മംഗ്ലയെ വിശാഖപട്ടണത്തുള്ള പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങിയതായും ഇഡി അറിയിച്ചു.  കൃത്രിമ നെയ്യുണ്ടാക്കാന്‍ MG 90, മോണോഗ്ലൈസറിഡ്, മൈവാസറ്റ് സോഫ്റ്റ് 400, അസറ്റിക് ആസിഡ് എന്നിവ പാമോയിലിന് പുറമെ ഉപയോഗിച്ചതായും തെളിഞ്ഞു. 

2019 മുതല്‍ 2024 വരെ 230 കോടി രൂപയുടെ നെയ്യാണ് സുകൃതി തിരുമല ദേവസ്വത്തിന് നല്‍കിയത്. ഇതില്‍ 96 കോടിയുടെ കൃത്രിമ നെയ്യ് മംഗ്ലയാണ് വിതരണം ചെയ്തതെന്നും ഇഡി പറയുന്നു. കേസിലെ ഗൂഢാലോചനക്കാരില്‍ ഒരാളാണ് മംഗ്ലയെന്നും കൃത്രിമ നെയ്യുണ്ടാക്കാന്‍ ഉപയോഗിച്ച രാസവസ്തുക്കളും മറ്റ് സാമഗ്രികളും മംഗ്ലയുടെ ഫാക്ടറി പരിസരത്ത് നിന്നും കണ്ടെത്തിയെന്നും ഇഡി അറിയിച്ചു. 

ശ്രീ വൈഷ്ണവി ഡയറി സ്പെഷല്‍റ്റീസ്, മല്‍ഗംഗ മില്‍ക്ക് ആന്‍റ് അഗ്രോ പ്രൊഡക്ട്സ്, എആര്‍ ഡയറി ഫുഡ്സ് എന്നീ കമ്പനികളിലൂടെയും മായം ചേര്‍ത്ത നെയ്യ് മംഗ്ല വിറ്റുവന്നുവെന്നും ഇഡി പറയുന്നു. തിരുപ്പതി ലഡ്ഡുവില്‍  മായം ചേര്‍ത്ത കേസില്‍ ഭോലെ ബാബ ഓര്‍ഗാനിക്  ഡയറി മില്‍ക് പ്രമോട്ടറും ഡയറക്ടറുമായ വിപിന്‍ ജയിനെയും ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 

ENGLISH SUMMARY:

The Enforcement Directorate has arrested Sukriti Foods promoter Kailash Chand Mangla in connection with the ongoing Tirupati Laddu ghee adulteration scandal. Investigation revealed that the firm supplied fake ghee mixed with palm oil, palmolein, and industrial chemicals to the Tirumala Tirupati Devasthanam under the guise of AGMARK Special Grade cow ghee. Between 2019 and 2024, Sukriti Foods provided ₹230 crore worth of ghee to TTD, with Mangla allegedly involved in supplying ₹96 crore worth of adulterated product. ED officials seized chemicals including MG 90, monoglycerides, and acetic acid during raids on his factory premises. Following his apprehension on September 17, Mangla was remanded to judicial custody by a Special PMLA Court in Visakhapatnam.