• തമിഴ്നാട്ടിലെ വ്യാപാരിയുടേത് ഉള്‍പ്പെടെ മൂന്ന് ടെന്‍ഡറും പ്രസിഡന്‍റ് കെ. ജയകുമാറിന്‍റെ നിര്‍ദേശപ്രകാരം റദ്ദാക്കി

ശബരിമല നെയ്യ് ടെന്‍ഡറില്‍ പങ്കെടുത്ത് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത വ്യാപാരി കഴിഞ്ഞ വര്‍ഷത്തെ മില്‍മയുടെ പേരിലുള്ള വ്യാജ നെയ്യ് ക്രമക്കേടില്‍ പങ്കാളിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ട്രാന്‍സ്പോര്‍ട്ട് കരാറുകാരന്‍ മില്‍മ നെയ്യ് ഇത്തവണത്തെ ടെന്‍ഡറില്‍ പങ്കെടുത്ത തമിഴ്നാട്ടിലെ വ്യാപാരിക്കാണ് കഴിഞ്ഞവര്‍ഷം മറിച്ചുവിറ്റത്. തമിഴ്നാട്ടിലെ വ്യാപാരിയുടേത് ഉള്‍പ്പെടെ മൂന്ന് ടെന്‍ഡറും പ്രസിഡന്‍റ് കെ. ജയകുമാറിന്‍റെ നിര്‍ദേശപ്രകാരം റദ്ദാക്കി. 

മില്‍മയുടെ പേരില്‍ വ്യാജ നെയ്യ് ശബരിമലയിലെത്തിയതിന്‍റെ ക്ഷീണം മാറിയിട്ടില്ല മില്‍മയ്ക്കും ദേവസ്വം ബോര്‍ഡിനും. വിജിലന്‍സ് അന്വേഷണവും അറസ്റ്റും തുടരുന്നതിനിടയിലാണ് കഴിഞ്ഞതവണത്തെ തട്ടിപ്പില്‍ പങ്കാളികളായെന്ന് കരുതുന്ന സംഘം പുതിയ പദ്ധതിയുമായെത്തിയത്. കഴിഞ്ഞ വര്‍ഷം മില്‍മയുടെ പത്തനംതിട്ട യൂണിറ്റില്‍ നിന്നും നെയ്യ് എത്തിക്കുന്നതിന്  വാഹന കരാര്‍ എടുത്ത വ്യക്തി നെയ്യ് മറിച്ചുവിറ്റത് തമിഴ്നാട്ടിലെ വ്യാപാരിക്കായിരുന്നു. ഇത്തവണത്തെ ദേവസ്വം ബോര്‍ഡിന്‍റെ നെയ്യ് ടെന്‍ഡറില്‍ ഇതേ വ്യാപാരിയും പങ്കെടുത്തു. മൂന്നുപേര്‍ പങ്കെടുത്ത ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതും തട്ടിപ്പില്‍ പങ്കാളിയായ വ്യാപാരിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.  ഇതോടെ ടെന്‍ഡര്‍ റദ്ദാക്കാന്‍ പ്രസിഡന്‍റ് കെ. ജയകുമാര്‍ നിര്‍ദേശിച്ചു. ഇത്തവണ മില്‍മ ടെന്‍ഡറില്‍ പങ്കെടുത്തിരുന്നില്ല. 

'നെയ്യുടെ ടെന്‍ഡര്‍ വന്നു. അത് കുഴപ്പമെന്നാണ് മനസിലാക്കുന്നത്. ഇത്തവണ മില്‍മ ടെന്‍ഡറില്‍ പങ്കെടുത്തില്ല', പ്രസിഡന്‍റ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കെ.ജയകുമാര്‍ പറഞ്ഞു. 160000 ലീറ്റര്‍ നെയ്യിനാണ് ടെന്‍ഡര്‍ വിളിച്ചത്. ഇത്രയും നെയ്യ് ശബരിമലയിലേക്ക് ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. 50000 ലീറ്റര്‍ കണക്കാക്കി പുതിയ ടെന്‍ഡര്‍ വിളിക്കാനാണ് തീരുമാനം. ചെറുകിട വിതരണക്കാര്‍ക്ക് ഉള്‍പ്പെടെ പങ്കെടുക്കാന്‍ കഴിയുന്ന വിധത്തില്‍ അടുത്തയാഴ്ചയോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 

ENGLISH SUMMARY:

The Travancore Devaswom Board (TDB) has cancelled the Sabarimala ghee tender after discovering that the lowest bidder was involved in last year's fake Milma ghee scam. The Tamil Nadu-based trader who quoted the lowest amount had previously bought diverted Milma ghee from a transport contractor during the previous season. Acting on the instructions of TDB President K. Jayakumar, all three submitted tenders were cancelled, especially given that Milma chose not to participate this year. The Devaswom Board has decided to issue a re-tender, reducing the required quantity from 160,000 liters to 50,000 liters to allow smaller suppliers to participate next week.