ശബരിമല തീർഥാടനം ആരംഭിക്കാനിരിക്കെ എരുമേലിയിലെ ദേവസ്വം ബോർഡിന്റെ മൈതാനങ്ങളിൽ വാഹനങ്ങളുടെ പാർക്കിങ് ഫീസ് കൂടുതലാണെന്ന് പരാതി. ഹൈക്കോടതി നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതല്‍ തുകയിലാണ് ദേവസ്വം ബോര്‍ഡ് നിരക്ക് നിശ്ചയിച്ചതെന്നാണ് ആക്ഷേപം.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഓഗസ്റ്റ് 19 ന് സര്‍ക്കാര്‍ പാര്‍ക്കിങ് ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കി. ഇതുപ്രകാരം മിനിബസിന് 24 മണിക്കൂര്‍ വരെ ഈടാക്കാവുന്ന പരമാവധി ഫീസ് 80 രൂപയാണ്. എന്നാല്‍, ദേവസ്വം ബോര്‍ഡ് ഇത് 100 രൂപയാക്കിയെന്നാണ് പരാതി. വലിയ ബസുകള്‍ക്ക് 120 ന് പകരം 125 ആണ് ഈടാക്കുന്നത്. നിരക്ക് സംബന്ധിച്ചുളള അവ്യക്തത വലിയ ചൂഷണത്തിനിടയാക്കുമെന്നാണ് അയ്യപ്പ സേവാ സമാജത്തിന്റെ പരാതി.
മോഷണം ഉള്‍പ്പെടെ തടയാന്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്ത് നിരീക്ഷണകാമറ സ്ഥാപിക്കണം. ഇതുള്‍പ്പെടെ അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഉയര്‍ന്ന നിരക്ക് ഈടാക്കാമെങ്കിലും അതൊന്നും ലഭ്യമാക്കാതെ പണപ്പിരിവെന്നാണ് ആക്ഷേപം. കഴിഞ്ഞവര്‍ഷവും ഉയര്‍ന്ന പാര്‍ക്കിങ് ഫീസിനെതിരെ പ്രതിഷേധവും ഉണ്ടായതാണ്.