Image Credit: govtschemes.in, PTI

  • സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന നവജാത ശിശുക്കള്‍ക്കാണ് മോതിരം നല്‍കുക. ഓരോ മോതിരത്തിനും തനത് നമ്പറും കൃത്യമായ പാക്കിങും ഉണ്ടാകും

നവജാത ശിശുക്കള്‍ക്ക് ഒരു ഗ്രാം സ്വര്‍ണമോതിരം നല്‍കാനുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ 'തായ്​മാമന്‍ തങ്കമോതിരം' പദ്ധതിക്ക് ഈ മാസം 28ന് തുടക്കമാകും. ഇതിനായുള്ള 1.24 ലക്ഷം സ്വര്‍ണമോതിരം സര്‍ക്കാര്‍ വാങ്ങി വച്ചതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന നവജാത ശിശുക്കള്‍ക്കാണ് മോതിരം നല്‍കുക. ഓരോ മോതിരത്തിനും തനത് നമ്പറും കൃത്യമായ പാക്കിങും ഉണ്ടാകുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ടിവികെ മുന്നോട്ട് വച്ച വാഗ്ദാനമായിരുന്നു തായ്​മാമന്‍ തങ്ക മോതിരം പദ്ധതി. പ്രസവത്തിന് പിന്നാലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമ്പോഴാകും ഗുണഭോക്താക്കള്‍ക്ക് സ്വര്‍ണമോതിരം കൈമാറുക.

ചെങ്കല്‍പ്പെട്ടും തിരുപ്പൂരുമൊഴികെ തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും മോതിരം വിതരണം ചെയ്യും. ഒക്ടോബര്‍ ആറിന് ഈ ജില്ലകളിലെ ധരാപുരം, മധുരാന്തകം മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഒഴിവാക്കിയത്. ഈ ജില്ലകളില്‍ പക്ഷേ സൗജന്യ പ്രാതല്‍ തുടരുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. സി.എന്‍. അണ്ണാദുരെയുടെ ജന്‍മദിനമായ സെപ്റ്റംബര്‍ 15നാണ്  തങ്കമോതിരം പദ്ധതിക്ക് തുടക്കമിടാന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആ ദിവസം നിക്ഷേപക്കരാര്‍ ഒപ്പിടുന്നതിനായി വിജയ് യുകെയിലായതോടെ പരിപാടി നീട്ടിവച്ചു.

തങ്കമോതിരം ആര്‍ക്കെല്ലാം കിട്ടും? നിബന്ധനയെന്ത്?

തമിഴ്നാട്ടിലെ സ്ഥിരതാമസക്കാരായ അമ്മമാര്‍ക്ക് ജനിക്കുന്ന നവജാതശിശുക്കള്‍ക്കാകും പദ്ധതിപ്രകാരം മോതിരത്തിന് അര്‍ഹത. പ്രഗ്നന്‍സി ആന്‍റ് ഇന്‍ഫന്‍റ് കൊഹോര്‍ട്ട് മോണിറ്ററിങ് ആന്‍റ് ഇവല്യൂഷന്‍ സിസ്റ്റത്തിലെ റജിസ്ട്രേഷനും റീപ്രൊഡക്ടീവ് ചൈല്‍ഡ് ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമാണ്.

22 കാരറ്റ് വരുന്ന 916 മുദ്രയുള്ള ഒരു ഗ്രാമിന്റെ 4.41 ലക്ഷം സ്വര്‍ണമോതിരങ്ങള്‍ക്കാണ് വിജയ്സര്‍ക്കാര്‍ ടെന്‍ഡര്‍ നല്‍കിയത്. നാല് ഘട്ടമായി മോതിരങ്ങള്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതിന്‍റെ ആദ്യഘട്ടത്തില്‍ ഒരു ലക്ഷത്തിഇരുപത്തിയെട്ടായിരം മോതിരങ്ങള്‍ വിതരണം ചെയ്യും. ജൂണ്‍ 22ന് ശേഷം ജനിച്ച കുട്ടികള്‍ക്കാകും മോതിരം ലഭിക്കാന്‍ അര്‍ഹതയുള്ളത്. 107 സെന്‍ററുകളാണ് ആദ്യഘട്ട വിതരണത്തിനായി തയാറാക്കിയിരിക്കുന്നത്.

സര്‍ക്കാരിന്‍റെ ആരോഗ്യ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനൊപ്പം ആശുപത്രികളില്‍ തന്നെ പ്രസവം ഉറപ്പാക്കുന്നതിനും അതുവഴി അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന്‍ സംരക്ഷിക്കുന്നതിനുമാണ് പദ്ധതി രൂപീകരിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 2026 ജൂണ്‍ 23നാണ് പദ്ധതി വിജ്ഞാപനം ചെയ്തത്. 755 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ അനുവദിച്ചത്.

പ്രതിവര്‍ഷം 7.80 കുട്ടികള്‍ തമിഴ്നാട്ടില്‍ ജനിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. ഇതില്‍ 99.9 ശതമാനം പ്രസവങ്ങളും ആരോഗ്യകേന്ദ്രങ്ങളിലാണ് നടക്കുന്നതെന്ന് നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെ– 6 പറയുന്നു.

ENGLISH SUMMARY:

Tamil Nadu Chief Minister C. Joseph Vijay is launching the 'Thai Maaman Thanga Mothiram Thittam' on September 28. The welfare initiative provides a 1-gram 22-carat gold ring to every baby born in state government hospitals. Over 1.28 lakh tamper-proof gold rings have been prepared for the initial distribution phase. To be eligible, mothers must hold permanent residency in Tamil Nadu and be registered with a valid RCH identification card. The scheme aims to strengthen public trust in government healthcare facilities while promoting institutional childbirths across the state.