Image Credit: Instagram
തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പര്‍താരവുമായ വിജയ്യുടെ താരപദവിയും സിനിമയും കണ്ടുമാത്രമല്ല ജനങ്ങള്‍ വോട്ടു ചെയ്തതെന്ന് തെലുങ്ക് നടന്‍ നാനി. റിലീസ് ചെയ്യാനിരിക്കുന്ന 'ദ് പാരഡൈസിന്‍റെ' പ്രമോഷനിടെ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായാണ് നാനിയുടെ പ്രതികരണം. 'വിജയ്യെ പോലൊരു താരം തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായതില്‍ എന്ത് തോന്നുന്നു' എന്നായിരുന്നു ചോദ്യം.
അഭിനേതാക്കള്‍ക്ക് ലഭിക്കുന്ന സ്നേഹം വളരെ വലിയതാണെന്നും സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും ജനങ്ങളുടെ സ്നേഹത്തിന് കുറവില്ലെന്നും താരം പറഞ്ഞു. 'വിജയ് തമിഴകത്ത് സൂപ്പര്‍താരമാണ്. എത്ര വലിയ വിശ്വാസവും സ്നേഹവുമാണ് തമിഴ് മക്കള്‍ അദ്ദേഹത്തിന് നല്‍കുന്നത്. അത് സിനിമയുടെ ജയപരാജയങ്ങളെ ആശ്രയിച്ചല്ല. അദ്ദേഹമൊരു താരമായതുകൊണ്ടോ സൂപ്പര്‍ഹിറ്റുകള്‍ നേടിയത് കൊണ്ടോ മാത്രമല്ല, അദ്ദേഹം മല്‍സരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ജനം വോട്ട് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല'-നാനി പറഞ്ഞു.
'അതിനൊരു കാരണമുണ്ട്. ജനങ്ങളെ എല്ലാവരെയും സ്വന്തം കുടുംബമെന്നത് പോലെയാണ് അദ്ദേഹം കാണുന്നത്. വര്‍ഷങ്ങള്‍ കൊണ്ടാണ് ആ സ്നേഹം അദ്ദേഹം നേടിയെടുത്തത്. വലിയ വിശ്വാസമാണ് അദ്ദേഹത്തില്‍ അവര്‍ അര്‍പ്പിച്ചത്. അടുത്ത കുറച്ചു വര്‍ഷത്തെ ഭരണം ഏറ്റവും മികച്ചതാകുമെന്നാണ് ഞാന്‍ കരുതുന്നത്. ജനങ്ങളുടെ തിരഞ്ഞെടുപ്പ് ശരിയായിരുന്നുവെന്ന് ഭരണം കൊണ്ട് തെളിയിക്കുമെന്നാണ് എന്‍റെ വിശ്വാസം'- നാനി പറഞ്ഞു. അസംബ്ലിയില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങളില്‍ നിന്നും പുറത്തെ ഇടപെടലുകള്‍ കാണുന്നതില്‍ നിന്നും വിജയ് ഇതുവരെ തകര്‍പ്പന്‍ മുഖ്യമന്ത്രിയാണെന്നാണ് താന്‍ മനസിലാക്കുന്നതെന്നും നാനി കൂട്ടിച്ചേര്‍ത്തു.
2024 ലാണ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് വിജയ് രൂപം നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ച് തകര്‍പ്പന്‍ ജയമാണ് ടിവികെ തമിഴ്നാട്ടില്‍ നേടിയത്. മേയ് 10ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു. ജനനായകനാണ് വിജയ് അവസാനമായി അഭിനയിച്ച ചിത്രം. ജൂലൈയില്‍ റിലീസ് ചെയ്ത ചിത്രം 324.54 കോടി ആഗോള കലക്ഷന്‍ നേടിയിരുന്നു.