Image credit: PTI

  • വമ്പന്‍ നിക്ഷേപം തമിഴ്നാട്ടിലേക്കെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും വിജയ്​യുടെ യുകെ സന്ദര്‍ശത്തില്‍ അടിമുടി ദുരൂഹതയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിജയ് ആരൊക്കെയായി കൂടിക്കാഴ്ച നടത്തിയെന്നോ, അദ്ദേഹത്തിന്‍റെ യാത്രാപരിപാടികളുടെ വിശദാംശങ്ങളോ ലഭ്യമല്ലെന്നും സുതാര്യമല്ല കാര്യങ്ങളെന്നും പ്രതിപക്ഷം

തമിഴ്നാട്ടിലേക്ക് വന്‍കിട നിക്ഷേപവും തൊഴിലവസരവും സൃഷ്ടിക്കാന്‍ കഴിയുന്ന നാല് വമ്പന്‍ കരാറുകളില്‍ ഒപ്പിട്ട് മുഖ്യമന്ത്രി ജോസഫ് വിജയ്. 12,300 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടതെന്നും ഇതില്‍ നിന്നും ഒന്‍പതിനായിരത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും തമിഴ്നാട് സര്‍ക്കാര്‍ അവകാശപ്പെട്ടു. സംവര്‍ധന മദര്‍സണ്‍ ഇന്‍റര്‍നാഷനല്‍ ലിമിറ്റഡുമായി ഒപ്പിട്ട 11,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന കരാറാണ് ഇതില്‍ വലിയത്. പ്രോജക്ട് നിലവില്‍ വരുന്നതോടെ ഡിസൈന്‍, എന്‍ജിനീയറിങ്, മാനുഫാക്ചറിങ്, ലോജിസ്റ്റിക്സ്, കൂട്ടിച്ചേര്‍ക്കല്‍ മേഖലകളിലായി ഏഴായിരത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ചെന്നൈയില്‍ ഗ്ലോബല്‍ കേപബിളിറ്റി സെന്‍റര്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് കമ്പനിയായ ഇവൈയുമായി 1000 കോടിയുടെ കരാറിലും വിജയ് ഒപ്പിട്ടു. ജിസിസ കോറിഡോറിനൊപ്പം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന സെന്‍റര്‍ 2000 തൊഴിലവസരം സൃഷ്ടിക്കും. ഇതിന് പുറമെ സ്വീഡന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഗ്മ ടെക്നോളജി ഗ്രൂപ്പുമായി ചേര്‍ന്ന് ചെന്നൈയിലും തിരുച്ചിറപ്പള്ളിയിലും ഗ്ലോബ്ലല്‍ കേപ്പബിളിറ്റി കേന്ദ്രങ്ങള്‍ വിപുലീകരിക്കാനും ധാരണയായി. 600 വൈറ്റ് കോളര്‍ ജോലികള്‍ ഇതുവഴി പുതിയതായി സൃഷ്ടിക്കപ്പെടുമെന്നും അധികൃതര്‍ പറയുന്നു. വില്‍സണ്‍ പവര്‍ സൊല്യൂഷന്‍സുമായി ചേര്‍ന്നുള്ള 300 കോടിയുടെ കരാറാണ് മറ്റൊന്ന്. തിരുവള്ളുവര്‍ ജില്ലയില്‍ 400 പേര്‍ക്ക് ഇതിലൂടെ തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് കണക്കു കൂട്ടല്‍. 

8,491 കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ യൂറോപ്യന്‍ കമ്പനികള്‍ മുന്നോട്ട് വച്ചുവെന്നും 5690 ഓളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. തമിഴ്നാട്ടിലേക്ക് പുതിയ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനും നിലവിലുള്ള നിക്ഷേപബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായാണ് മുഖ്യമന്ത്രി വിജയ് യുകെ സന്ദര്‍ശിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. പുതിയ പദ്ധതികളിലൂടെ സംസ്ഥാനത്തെ മാനുഫാക്ചറിങ്, ഓട്ടോമൊബൈല്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രോണിക്സ്, ഗ്ലോബല്‍ കേപ്പബിളിറ്റി സെന്‍ററുകള്‍ എന്നിവയ്ക്ക് കൂടുതല്‍ ഊര്‍ജം പകരാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. 

ജൂലൈയില്‍ നടന്ന ഇന്ത്യ–യുകെ വ്യാപാര സാമ്പത്തിക കരാറിന്‍റെ ഭാഗമായാണ് വിജയ് യുകെ സന്ദര്‍ശിച്ചത്. ടെക്സ്റ്റൈല്‍സ്, ലെതര്‍, പാദരക്ഷ, നിര്‍മാണ സാമഗ്രികള്‍, എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ നിര്‍മിക്കാന്‍ കരാര്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. 

വിജയ്​യുടെ യാത്രകളുടെ വിശദാംശമെവിടെ? ദുരൂഹതയെന്ന് പ്രതിപക്ഷം

വമ്പന്‍ നിക്ഷേപം തമിഴ്നാട്ടിലേക്കെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും വിജയ്​യുടെ യുകെ സന്ദര്‍ശത്തില്‍ അടിമുടി ദുരൂഹതയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിജയ് ആരൊക്കെയായി കൂടിക്കാഴ്ച നടത്തിയെന്നോ, അദ്ദേഹത്തിന്‍റെ യാത്രാപരിപാടികളുടെ വിശദാംശങ്ങളോ ലഭ്യമല്ലെന്നും സുതാര്യമല്ല കാര്യങ്ങളെന്നും പ്രതിപക്ഷം വിമര്‍ശിക്കുന്നു. വിജയ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ 74.5 ശതമാനം നിക്ഷേപങ്ങളുടെ കുറവാണ് തമിഴ്നാട്ടില്‍ ഉണ്ടായതെന്നും നിക്ഷേപ  സൗഹാര്‍ദ പട്ടികയില്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന തമിഴ്നാട് 17–ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയെന്നും ഡിഎംകെ മുഖപത്രമായ മുരശൊലിയില്‍ എഴുതി. മുന്‍പ് തമിഴ്നാട്ടിലേക്ക് വന്നിരുന്ന വ്യാവസായിക നിക്ഷേപങ്ങളത്രയും ഇപ്പോള്‍ ആന്ധ്ര പ്രദേശിലേക്കും കര്‍ണാടകയിലേക്കും തെലങ്കാനയിലേക്കും പോകുകയാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ടിവികെയുടെ അവകാശവാദങ്ങളെല്ലാം കളവാണെന്നും 100 ദിവസം പിന്നിട്ടിട്ടും കാര്യമായ തൊഴില്‍ സൃഷ്ടിക്കാനോ നിക്ഷേപം കൊണ്ടുവരാനോ വിജയ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഡിഎംകെ ആരോപിച്ചു.