• ടിവികെയ്ക്കുള്ള പിന്തുണ അ‍ഞ്ചുകൊല്ലത്തേക്കും തുടരുമോയെന്ന് ഉറപ്പ് പറയാനാകില്ലെന്ന് അടുത്തിടെ സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖം വ്യക്തമാക്കിയിരുന്നു

ഉപ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടില്‍ ടിവികെയോടുള്ള അകല്‍ച്ച പ്രകടമാക്കുകയാണ് ഇടത് പാര്‍ട്ടികള്‍. ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മും സിപിഐയും ടിവികെയ്ക്ക് വെല്ലുവിളി ഉയര്‍ത്തില്ലെങ്കിലും ഇടത് പാര്‍ട്ടികളുടെ തീരുമാനം ടിവികെ സര്‍ക്കാരിന്റെ ഭാവിയില്‍  ആശങ്കയുണ്ടാക്കുന്നുണ്ട്. 

ടിവികെ നയിക്കുന്ന സഖ്യത്തിന്‍റെ  പ്രഖ്യാപനത്തിന് പിന്നാലെയുള്ള ഇടത് പാര്‍ട്ടികളുടെ തീരുമാനം, ടിവികെയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ്. കഴിഞ്ഞദിവസം നടന്ന സഖ്യകക്ഷികളുടെ രണ്ടാമത്തെ യോഗത്തിലേക്കും മന്ത്രിസഭയിലേക്കും വീണ്ടും ഇടത് പാര്‍ട്ടികളെ ടിവികെ ക്ഷണിച്ചിരുന്നെങ്കിലും 'വേണ്ട' എന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു സിപിഎമ്മും സിപിഐയും. സഖ്യത്തിന് പേരിട്ട ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സഖ്യത്തിലില്ലെങ്കിലും ഇടത് പാര്‍ട്ടികള്‍ തങ്ങള്‍ക്കൊപ്പമാണെന്നും വൈകാതെ ഇടത് പാര്‍ട്ടികളും സഖ്യത്തില്‍ ചേരുമെന്നും മന്ത്രി ആദവ് അര്‍ജുന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 

ടിവികെ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇടത് പാര്‍ട്ടികള്‍ ഇന്നലെ നയം വ്യക്തമാക്കി.  ഇടത് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിത്വം  ഉപതിരഞ്ഞെടുപ്പില്‍ ടിവികെയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നില്ലെങ്കിലും വിജയ് സര്‍ക്കാരിന്റെ  ഭാവിയെ ചോദ്യംചെയ്യുന്നതാണ്.  ടിവികെയ്ക്കുള്ള പിന്തുണ അ‍ഞ്ചുകൊല്ലത്തേക്കും തുടരുമോയെന്ന് ഉറപ്പ് പറയാനാകില്ലെന്ന് അടുത്തിടെ സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖം വ്യക്തമാക്കിയിരുന്നു.  

ടിവികെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇടത് പാര്‍ട്ടികള്‍ക്കെതിരെ പല നടപടികളും കൈക്കൊണ്ടിട്ടുണ്ട്. കൂടാതെ നിയമസഭയിലെ മുഖ്യമന്ത്രിയുടെയും ടിവികെ അംഗങ്ങളുടെയും അതിരുവിട്ട പെരുമാറ്റങ്ങളും പലപ്പോഴും ഇടത് പാര്‍ട്ടികളെ അതൃപ്തിയിലാക്കിയിട്ടുണ്ട്. നിലവില്‍ സര്‍ക്കാരിന് പുറത്തുനിന്ന്  പിന്തുണ നല്‍കുന്നത് തുടരുമെന്ന് ഇടത് പാര്‍ട്ടികള്‍ അറിയിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധി അകലെയല്ലെന്ന് ടിവികെയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ ഏതുവിധേനയും ഉപതിരഞ്ഞെടുപ്പുകള്‍ ജയിക്കുക മാത്രമാകും ടിവികെയുടെ ലക്ഷ്യം.

ENGLISH SUMMARY:

Left parties in Tamil Nadu are distancing themselves from TVK, announcing they will contest elections alone. While the Left's decision may not directly challenge TVK in the upcoming by-elections, it raises concerns about the future of the TVK government.