കാറിന്‍റെ ബോണറ്റിൽ പിടിച്ചുതൂങ്ങി നിൽക്കുന്ന യുവതി. കാർ ക്രമേണ വേഗം കൂട്ടുന്നു. യുവതി പിടിവിട്ട് കാറിന് മുന്നിലേക്ക് വീഴുന്നു. തുടർന്ന് കാർ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുന്നു. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവമാണിത്. അനാമിക എന്ന യുവതിക്കാണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ ഷഹനാസ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

റിപ്പോർട്ടുകൾ പ്രകാരം അനാമികയും ഷഹനാസും ഏറെക്കാലമായി പരിചയത്തിലായിരുന്നു. എന്നാൽ അനാമികയെ ഷഹനാസ് ‘യഷ് താക്കൂർ’ എന്ന പേരിലാണ് പരിചയപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം അനാമിക യുവാവിനെ മറ്റൊരു യുവതിക്കൊപ്പം നഗരത്തിൽവച്ച് കണ്ടു. തുടർന്ന് അനാമിക യുവാവിനെ ചോദ്യം ചെയ്യുകയും താൻ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കുകയും ചെയ്തു.
കണ്ടാലൊരു മുഴുത്ത മീൻ; പിടിച്ചാൽ പെടും! കടൽ വാഴാൻ ചാരന്‍ മീനിനെ ഇറക്കി ചൈന...

ഇതിനിടെ യുവാവ് കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. അനാമിക കാർ തടഞ്ഞ് തനിക്ക് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ യുവാവ് ഇതിന് ചെവികൊടുക്കാതെ കാർ മുന്നോട്ടെടുക്കുകയും യുവതി കാറിന്‍റെ ബോണറ്റിൽ പിടിച്ചുതൂങ്ങുകയുമായിരുന്നു. കാർ നിർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും യുവാവ് വേഗം വർധിപ്പിക്കുകയായിരുന്നു. “നിനക്ക് എന്തുവേണമെങ്കിലും ചെയ്തോ, പക്ഷേ കാർ നിർത്തൂ” എന്ന് യുവതി പറയുന്നത് വിഡിയോയിൽ കേൾക്കാം. തുടർന്ന് യുവതി കാറിനടിയിലേക്ക് വീഴുകയും കാർ ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പിന്നാലെ യുവാവ് അതിവേഗം കാർ ഓടിച്ചുപോയി.

ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പരാതി നൽകി. യുവാവ് തന്റെ പേര് മാറ്റിപ്പറഞ്ഞ് തന്നെ കബളിപ്പിച്ചെന്നും തന്നെ വധിക്കാൻ ശ്രമിച്ചെന്നും യുവതി പരാതിയിൽ ആരോപിച്ചു. ‌‌തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

A shocking accident in Lucknow, Uttar Pradesh, involved a woman clinging to a car bonnet before falling and being run over. The victim, Anamika, was seriously injured after discovering her boyfriend, Shahnaz, was deceiving her under a false identity.