ഉത്തര്‍പ്രദേശിലെ മഥുരയില്‍ ജ്വല്ലറിയില്‍ കയറി വന്‍ മോഷണം നടത്തിയ കള്ളനെ തിരയുകയാണ് പൊലീസ്. എന്നാല്‍ മോഷണത്തിനുപരി മോഷണരീതിയും പിടികൊടുക്കാതിരിക്കാനായി കള്ളന്‍ സ്വീകരിച്ച പദ്ധതിയുമാണ് കൗതുകമാകുന്നത്. 14 കോടി വില വരുന്ന പത്ത് കിലോ സ്വര്‍ണവും 14 ലക്ഷവും മോഷ്ടിച്ച് കടന്നു കളഞ്ഞ കള്ളന്‍ എട്ട് മണിക്കൂറോളമാണ് ജ്വല്ലറിയില്‍ ചെലവഴിച്ചത്.
ഞായറാഴ്ച ജ്വല്ലറിയുടെ ടെറസ് പൊളിച്ചായിരുന്നു കള്ളന്‍ അകത്ത് കയറിയത്. ജ്വല്ലറിയുടെ മുകളിലെത്താനായി ജ്വല്ലറിയുടെ ഏറെ ദൂരെയുള്ള വീടിന് മുകളിലാണ് കള്ളന്‍ കയറിയത്. തുടര്‍ന്ന് ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീടിന് മുകളിലേക്ക് കയറി കയറി ഇയാള്‍ ജ്വല്ലറിക്ക് മുകളിലെത്തി. തുടര്‍ന്ന് കുരങ്ങന്‍മാര്‍ കയറാതിരിക്കാനുള്ള ഗ്രില്ല് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് ടെറസ് തുറന്ന് അകത്തുകയറി. പിന്നാലെ ജ്വല്ലറിയുടെ സ്ട്രോങ് റൂമില്‍ കയറിയ കള്ളന്‍ താക്കോല്‍ സംഘടിപ്പിച്ച് ഇരുമ്പ് സേഫ് തുറന്നു.
എന്നാല്‍ സേഫ് തുറന്ന കള്ളന്‍റെ പ്രവര്‍ത്തിയാണ് വെറൈറ്റി. സ്വര്‍ണത്തിനോടൊപ്പം വെള്ളിയും മോഡലായി സ്വര്‍ണവുമായി ഒരു മാറ്റവും തോന്നാത്ത മോഡലുകളും സേഫില്‍ വച്ചിരുന്നു. എട്ട് മണിക്കൂര്‍ ഇരുന്ന് ഇവ തരംതിരിച്ച് സ്വര്‍ണം മാത്രമാണ് കള്ളനെടുത്തത്. ഇതില്‍ നിന്നും കള്ളന് സ്വര്‍ണം തിരിച്ചറിയാന്‍ അഗാധമായ കഴിവുണ്ടെന്ന് പൊലീസ് കണ്ടെത്തി.
തുടര്‍ന്ന് പുറത്തുകടന്ന കള്ളന്‍ ഒരു ഓട്ടോറിക്ഷയില്‍ കയറിയാണ് രക്ഷപ്പെട്ടത്. നഗരത്തിന്‍റെ അങ്ങോളമിങ്ങോളമായി എട്ടോളം സ്ഥലങ്ങളില്‍ കള്ളന്‍ ഓട്ടോയില്‍ സഞ്ചരിച്ചു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെത്തി. തുടര്‍ന്ന റെയില്‍വേ സ്റ്റേഷനകത്ത് പോയി പുറത്തുവന്ന കള്ളന്‍ ഇതേ ഓട്ടോയില്‍ നഗരത്തിലെ പ്രാന്തപ്രദേശത്തെത്തി അപ്രത്യക്ഷമാകുകയായിരുന്നു.
കടയിലെ സിസിടിവിയുടെ ഡിവിആറും കള്ളന്‍ മോഷ്ടിച്ചിരുന്നു. ഇതില്‍ നിന്നും കട പരിചയമുള്ള കള്ളനായേക്കാം മോഷണം നടത്തിയതെന്ന് പൊലീസ് നിഗമനത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ എട്ടുമണിക്കൂര്‍ കള്ളന്‍ സ്വര്‍ണം തരംതിരിക്കാനെടുത്തതാണ് പൊലീസിനെ കണ്‍ഫ്യൂഷനിലാക്കുന്നത്.