NEW DELHI 2025 JUNE 22 : International arrival gate number 6 of Delhi IGI airport . @ JOSEKUTTY PANACKAL / MANORAMA
ഇമിഗ്രേഷന്‍ പരിശോധന കൂടാതെ ഇറ്റലിക്കാരായ മൂന്നുപേര്‍ ഡല്‍ഹിയില്‍ നിന്നും മ്യൂണിച്ചിലേക്ക് വിമാനയാത്ര നടത്തിയതില്‍ ഗുരുതര വീഴ്ചയെന്ന് ആഭ്യന്തര മന്ത്രാലയം. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അടിയന്തര യോഗം വിളിച്ചു. എയര്‍ ഇന്ത്യയോട് വിശദീകരണവും തേടി. സെപ്റ്റംബര്‍ നാലിനാണ് ഗുരുതരമായ സുരക്ഷാപ്പിഴവ് സംബവിച്ചത്. അമൃത്സറില്‍ നിന്നും ഡല്‍ഹിയിലേക്ക് എത്തിയ എയര്‍ ഇന്ത്യയുടെ AI 1115 ഫ്ലൈറ്റിലാണ് മൂന്ന് ഇറ്റലിക്കാര്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ 12.50ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇവര്‍ ഏകദേശം ഒരു മണിക്കൂറായതിന് പിന്നാലെ 1.45 ഓടെ ലുഫ്താന്‍സയുടെ LH-763 വിമാനത്തില്‍ മ്യൂണിച്ചിലേക്ക് പറന്നു. ഇമിഗ്രേഷന്‍ കൂടാതെയാണ് ഇവര്‍ യാത്ര ചെയ്തത്.
പിഴവ് വന്നതെങ്ങനെ? എയര്‍ ഇന്ത്യയുടെ ഹബ് ആന്‍റ് സ്പോക്ക് അറേഞ്ച്മെന്റിലൂടെ യാത്ര ചെയ്തവരാണ് മൂന്ന് യാത്രക്കാരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യാന്തര യാത്ര നടത്തുന്നവര്‍ക്കായി ചെറു വിമാനത്താവളങ്ങളില്‍ നിന്ന് പ്രധാന വിമാനത്താവളങ്ങളിലേക്ക് എത്താനുള്ള സജ്ജീകരണമാണിത്. അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിയതിനാല്‍ വിദേശികളായ ഇവര്‍ക്ക് ആഭ്യന്തര ബോര്‍ഡിങ് പാസാണ് എയര്‍ ഇന്ത്യ നല്‍കിയത്. അമൃത്സറില്‍ നിന്നാവട്ടെ മ്യൂണിച്ചിലേക്കുള്ള ലുഫ്താന്‍സയുടെ ബോര്‍ഡിങ് പാസും ലഭിച്ചു. രണ്ട് വിഭാഗങ്ങളിലൊന്നില്‍ മാത്രമേ ബോര്‍ഡിങ് പാസ് അനുവദിക്കാവൂ എന്നിരിക്കേ ഇതെങ്ങനെ സംഭവിച്ചുവെന്നാണ് മന്ത്രാലയം അന്വേഷിക്കുന്നത്. ഇവരെ രാജ്യാന്തര യാത്രക്കാരായി കണക്കാക്കി ഇന്‍റര്‍നാഷനല്‍ ബോര്‍ഡിങ് പാസായിരുന്നു നല്‍കേണ്ടിയിരുന്നത്. ഇതിന് പകരം ഗേറ്റ് 39 ല്‍ നിന്നും ഇവരെ ഇന്‍റര്‍നാഷല്‍–ടു–ഇന്‍റര്‍നാഷനല്‍ ട്രാന്‍സ്ഫര്‍ ഏരിയയിലേക്ക് മാറ്റി. ഇതോടെയാണ് എമിഗ്രേഷനില്ലാതെ ഇവര്‍ ലുഫ്താന്‍സ വിമാനത്തില്‍ കയറിയത്.
സംഭവത്തില്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സമയപരിധിക്കുള്ളില്‍ കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, സുരക്ഷാപ്പിഴവില്‍ എയര്‍ ഇന്ത്യ ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, വ്യോമയാന മന്ത്രാലയം സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി, ഐബി ഡയറക്ടര്‍, ആഭ്യന്തര മന്ത്രാലയം അഡീഷനല്‍ സെക്രട്ടറി, സെക്രട്ടറി, ബ്യുറോ ഓഫ് എമിഗ്രേഷന്‍ കമ്മിഷണര്‍, എയര്‍ ഇന്ത്യ തലവന്‍, ഡല്‍ഹി വിമാനത്താവളം സിഇഒ എന്നിവരാണ് വിഷയത്തില്‍ ആഭ്യന്തരമന്ത്രാലയം വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ പങ്കെടുത്തത്.
എന്താണ് ഇമിഗ്രേഷന്‍? എന്തിനാണിത് നടത്തുന്നത്?
ഒരു രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴോ, രാജ്യം വിട്ടുപോകുമ്പോഴോ ഇമിഗ്രേഷന്‍ അധികൃതര്‍ നടത്തുന്ന നിയമപരമായ പരിശോധനയാണ് ഇമിഗ്രേഷന്‍ ക്ലിയറന്‍സ്. യാത്രക്കാരന്‍/യാത്രക്കാരി നിയമപരമായാണോ രാജ്യത്തേക്ക് പ്രവേശിക്കുന്നത്/പുറത്തേക്ക് പോകുന്നത് എന്ന് ഉറപ്പ് വരുത്താനാണ് ഈ പരിശോധന നടത്തുന്നത്. യാത്രാ രേഖകളുടെ സാധുത (പാസ്‌പോർട്ടിന്റെ കാലാവധി, വിസയുടെ സാധുത, വീസ കാലാവധി), ക്രിമിനൽ / സുരക്ഷാ പശ്ചാത്തലം, ബയോമെട്രിക് വിവരങ്ങൾ, എൻട്രി / എക്സിറ്റ് രേഖപ്പെടുത്തൽ എന്നിവയാണ് എമിഗ്രേഷന്‍ പ്രക്രിയ.
ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ എന്ത് സംഭവിക്കും?
ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാതെ ഒരു വിദേശിക്കും ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ വിടാന്‍ കഴിയില്ലെന്നിരിക്കെ ഗുരുതര വീഴ്ചയാണ് ഡല്‍ഹിയില്‍ സംഭവിച്ചത്. ഇന്ത്യന്‍ ഇമിഗ്രേഷന്‍ ആന്‍റ് ഫോറിനേഴ്സ് നിയമങ്ങള്‍ അനുസരിച്ച് എമിഗ്രേഷനില്ലാതെ രാജ്യം വിടുന്നത് ക്രിമിനല്‍ കുറ്റമാണ്. പിഴയോ തടവോ, രണ്ടും കൂടിയോ ലഭിക്കാം. ഇനി എമിഗ്രേഷനില്ലാതെ വിദേശി എത്തിയാലും വിമാനത്തില്‍ കയറാന്‍ അനുമതി നല്‍കാന്‍ പാടില്ലെന്നാണ് ചട്ടം. ഇമിഗ്രേഷന്‍ സ്റ്റാമ്പോ ഇലക്ട്രോണിക് ക്ലിയറന്‍സോ ഇല്ലാതെ സെക്യൂരിറ്റിയോ എയര്‍ലൈന്‍ അധികൃതരോ യാത്രക്കാരനെ വിമാനത്തില്‍ കയറാന്‍ അനുവദിക്കരുതെന്നുമുണ്ട്. ഔദ്യോഗികമായി എക്സിറ്റ് രേഖപ്പെടുത്താതെ രാജ്യം വിട്ടാല്‍ ഇന്ത്യന്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ യാത്രക്കാരന്‍ ഇന്ത്യയില്‍ തുടരുന്നയാളെന്ന് കാണിക്കുകയും കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്യും. ഇതിനെല്ലാം പുറമെ രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ സുരക്ഷാ ഏജന്‍സികളുടെ അന്വേഷണവുമുണ്ടാകും.