പറക്കലിനിടെ അപകടകരമാം വിധം 300 അടി താഴേക്ക് പതിച്ച ഫുക്കറ്റ്–ഡല്‍ഹി വിമാനത്തിന് നാല് സെക്കന്‍റ് നേരത്തേക്ക് സര്‍വ നിയന്ത്രണങ്ങളും നഷ്ടമായെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. വിമാനത്തിന്‍റെ ബ്ലാക് ബോക്സ് പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. വിമാനത്തിന്റെ എലിവേറ്ററുകളും എയിലറോണുകളും സ്പോയിലറുകളും ഉൾപ്പെടെയുള്ള പ്രധാന നിയന്ത്രണങ്ങളാണ് പൂര്‍ണമായും ഒരേസമയം നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിമാനത്തിന്‍റെ നിയന്ത്രണത്തില്‍ സുപ്രധാന പങ്കാണ് ഹൈഡ്രോളിക് സംവിധാനങ്ങള്‍ക്കുള്ളതെന്നിരിക്കെ അതീവ ഗുരുതരമായിരുന്നു സ്ഥിതിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിമാനത്തിന്‍റെ മുന്‍ഭാഗം (നോസ്) മുകളിലേക്കും താഴേക്കുമാക്കാന്‍ സഹായിക്കുന്ന എലവേറ്ററും ചിറകുകളെ ഇടത്തേക്കും വലത്തേക്കും തിരിയാന്‍ സഹായിക്കുന്ന എയിലറോണുകളും ലിഫ്റ്റ് കുറയ്ക്കുന്ന സ്പോയിലറുകളുമാണ് പൈലറ്റ് കമാന്‍ഡില്ലാതെ പ്രവര്‍ത്തിച്ചത്.
വിമാനത്തിന്‍റെ ഓട്ടോ പൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടുവെന്നും കോക്പിറ്റില്‍ സ്റ്റാള്‍ മുന്നറിയിപ്പ് ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കോ പൈലറ്റ് തന്‍റെ കണ്‍ട്രോള്‍ സ്റ്റിക് മുന്നോട്ട് നീക്കി വിമാനത്തിന്‍റെ നോസ് താഴ്ത്താന്‍ നോക്കിയെന്നും പക്ഷേ ഹൈഡ്രോളിക് സംവിധാനങ്ങള്‍ പൂര്‍വസ്ഥിതിയിലാകുന്നത് വരെ കോ–പൈലറ്റിന്‍റെ നിയന്ത്രണം ഫലം കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിമാനത്തിന്റെ വേഗത കുറഞ്ഞ് പറക്കാനുള്ള ലിഫ്റ്റ് നഷ്ടമാകുമ്പോഴാണ് സ്റ്റാള്‍ മുന്നറിയിപ്പ് ഉണ്ടാകുന്നത്. ജീവനക്കാരും യാത്രക്കാരുമുള്‍പ്പടെ 24 പേര്‍ക്കാണ് വിമാനത്തിന്‍റെ ദ്രുതഗതിയിലുള്ള ഉലച്ചിലില്‍ പരുക്കേറ്റത്.
ഓഗസ്റ്റ് നാലിനായിരുന്നു പറക്കലിനിടെ വിമാനം 300 അടി താഴേക്ക് പതിച്ചത്. 137 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഹൈഡ്രോളിക് തകരാറാണ് അപകടമുണ്ടാക്കിയതെന്ന് നിഗമനങ്ങള്‍ പുറത്തുവന്നിരുന്നുവെങ്കിലും ടര്‍ബുലന്‍സായിരുന്നുവെന്നാണ് എയര്‍ ഇന്ത്യ ആദ്യം പറഞ്ഞത്. എന്നാല്‍ സാങ്കേതിക തകരാറുകള്‍ സംഭവിച്ചുവെന്നാണ് പ്രഥാമിക റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. സംഭവത്തില്‍ പൈലറ്റിന് ഗുരുതര പിഴവ് സംഭവിച്ചതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കോക്പിറ്റില്‍ സ്റ്റാള്‍ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ ക്യാപ്റ്റന്‍ സീറ്റിലില്ലായിരുന്നുവെന്നും ഇയാള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ലഹരിമരുന്ന് പരിശോധന പരിശോധനയിൽ സൈക്കോആക്ടീവ് പദാർഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇരുപൈലറ്റുമാരെയും സർവീസിൽ നിന്ന് താൽക്കാലികമായി മാറ്റുകയും ചെയ്തിരുന്നു. അപകടത്തില്‍ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.