gelatin-stick

മധ്യപ്രദേശ് ഇന്‍ഡോറില്‍ സൂക്ഷിച്ചുവച്ചിരുന്ന ഉഗ്രസ്ഫോടനശേഷിയുള്ള 300 കിലോ ജലാറ്റിന്‍ സ്റ്റിക്കുകളും ഇവ പൊട്ടിത്തെറിപ്പിക്കാനായുള്ള 375 കിലോയോളം സേഫ്റ്റി ഫ്യൂസുകളും മോഷണം പോയി. ക്വാറികളിലേക്കും മറ്റുമായി സ്ഫോടകവസ്തുക്കളുണ്ടാക്കുന്ന പാട്ടിദാർ എക്സ്പ്ലോസീവ്സ് എന്ന സ്ഥാപനത്തിന്‍റെ ഗോഡൗണില്‍ നിന്നാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ മോഷണം പോയത്. സെപ്റ്റംബർ 6, 7 തിയതികളിലായിരുന്നു  മോഷണം. ഒരുമിച്ച് പൊട്ടിത്തെറിച്ചാല്‍ 300 മീറ്റര്‍ ചുറ്റളവില്‍ സര്‍വനാശമുണ്ടാക്കാന്‍ കെല്‍പ്പുള്ളതാണ് ഈ സ്ഫോടകവസ്തുക്കള്‍. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള പ്രദേശത്ത് സ്ഫോടനാവശിഷ്ടങ്ങള്‍ തെറിച്ചുവീണേക്കാം.

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം  ഗോഡൗണിലെ ജനല്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കടക്കുകയും 12 പെട്ടികളിലായി സൂക്ഷിച്ചിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകളും ഫ്യൂസും മോഷ്ടിക്കുകയായിരുന്നു. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് 15 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എന്തെങ്കിലും അപായം നടക്കും മുന്നെ സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുക എന്നതാണ് പൊലീസിന്‍റെ ലക്ഷ്യം. 
'റിയാസിന് 20.5 കോടി കൈക്കൂലി കിട്ടി'; ഒരു ഭാഗം ഹവാല ഇടപാടിനും? തെളിവ് വീണയുടെ 'റെഡ് ബുക്ക്'; ഇഡിയുടെ...

സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാന്‍ സ്ഥാപനത്തിന് ലൈസന്‍സുണ്ട്. ക്വാറികള്‍ക്കും നിര്‍മാണപ്രവര്‍ത്തികള്‍ക്കുമായി ഉപയോഗിക്കാനുള്ള സ്ഫോടകവസ്തുക്കള്‍ ആണെങ്കിലും ഇവ ഉപയോഗിക്കാനറിയാത്തവരുടെ കയ്യിലെത്തിയാല്‍ ഗുരുതര നാശനഷ്ടമുണ്ടായേക്കും. ഗോഡൗണില്‍ നിന്ന് 13 പെട്ടികള്‍ മോഷണം പോയെങ്കിലും ഒരു പെട്ടി തൊട്ടടുത്ത കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന സാഹചര്യമായതിനാല്‍ കൂടുതല്‍ അന്വേഷണസംഘം കേസില്‍ ഇടപെടാന്‍ സാധ്യതയുണ്ട്. 

ENGLISH SUMMARY:

Explosives theft in Indore, Madhya Pradesh, involved the disappearance of 300 kg of high-explosive gelatin sticks and 375 kg of safety fuses from a licensed storage facility. The stolen materials, capable of causing widespread destruction within a 300-meter radius, pose a significant national security threat, prompting the formation of a 15-member special investigation team to recover them before they can be misused.