നാല് മാസത്തിനിടെ 23 വധശിക്ഷാ വിധികൾ പുറപ്പെടുവിച്ച് ഉത്തർപ്രദേശിലെ മുസഫർനഗർ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി രവികുമാർ ദിവാകർ. ഒരു ഭീരുവായ ജഡ്ജിയെന്ന് വിളിക്കപ്പെടുന്നതിനേക്കാൾ മരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നായിരുന്നു ഒടുവിലത്തെ വിധി പ്രഖ്യാപിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച ശേഷം സംസാരിക്കവെയാണ്, ‘മാഫിയകളുടെയോ ഗുണ്ടകളുടെയോ കുറ്റവാളികളുടെയോ ഭീഷണികൾക്ക് വഴങ്ങി’ താൻ ജുഡീഷ്യൽ ചുമതലകളിൽ നിന്ന് പിന്മാറില്ലെന്ന് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി വ്യക്തമാക്കിയത്.
2018 ജൂലൈ 23നാണ് ഷാപൂർ നഗരത്തിൽ വച്ച് സ്ത്രീധനം ആവശ്യപ്പെട്ട് നദീം തന്റെ ഭാര്യ ഷെഹ്സാദിയെ തീക്കൊളുത്തിയത്. ഗുരുതരാവസ്ഥയിലായ ഷെഹ്സാദിയെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് നൽകിയ മൊഴിയിൽ നദീമാണ് തന്നെ തീക്കൊളുത്തിയതെന്ന് ഷെഹ്സാദി വ്യക്തമാക്കിയിരുന്നതായി സർക്കാർ അഭിഭാഷകൻ പറഞ്ഞു.
വിചാരണ വേളയിൽ പ്രോസിക്യൂഷന്റെ 11 സാക്ഷികളും കൂറുമാറിയെങ്കിലും, ഷെഹ്സാദിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി നദീമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൊലപാതകം ‘അങ്ങേയറ്റം ക്രൂരവും രാക്ഷസീയവുമാണ്’ എന്ന് വിശേഷിപ്പിച്ച കോടതി, ഈ കുറ്റം ‘അപൂർവങ്ങളിൽ അപൂർവം’ എന്ന വിഭാഗത്തിൽപ്പെടുന്നതാണെന്നും വധശിക്ഷയ്ക്ക് അർഹമാണെന്നും നിരീക്ഷിച്ചു.
ഈ വിധിയോടെ, കഴിഞ്ഞ നാല് മാസത്തിനിടെ 11 കേസുകളിലായി 23 പേർക്കാണ് ജഡ്ജി ദിവാകറിന്റെ കോടതി വധശിക്ഷ വിധിച്ചതെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. എന്നാൽ വധശിക്ഷയുമായി ബന്ധപ്പെട്ട വിധികൾക്കെതിരെ മറ്റ് ജുഡീഷ്യൽ നടപടിക്രമങ്ങളും അപ്പീൽ നൽകാനുള്ള അവകാശവും നിലനിൽക്കുന്നുണ്ട്. ജുഡീഷ്യൽ കസേരയിൽ ഇരിക്കുന്നിടത്തോളം കാലം തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം തനിക്കാണെന്ന് വിധിന്യായത്തിൽ ജഡ്ജി കുറിച്ചു. മാഫിയകളിൽ നിന്നും കുറ്റവാളികളിൽ നിന്നും തനിക്ക് ഭീഷണികൾ ലഭിക്കുന്നുണ്ടെന്നും, മാഫിയകളെയും കുറ്റവാളികളെയും സഹായിക്കുന്നതിനായി ഏകദേശം 100 ഗുരുതരമായ കേസുകൾ തന്റെ കോടതിയിൽ നിന്ന് പിൻവലിച്ചതായും രവികുമാർ ദിവാകർ ആരോപിച്ചു.
ഓഗസ്റ്റിലാണ് ദിവാകറിന്റെ പരിഗണനയിലുണ്ടായിരുന്ന നൂറോളം കൊലപാതക കേസുകൾ ഒരു ഉത്തരവിലൂടെ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി വീരേന്ദ്ര കുമാർ സിംഗിന്റെ കോടതിയിലേക്ക് മാറ്റിയത്. ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷ വിധിക്കുമെന്ന അഭിഭാഷകരുടെയും ഹർജിക്കാരുടെയും ആശങ്കകളെത്തുടർന്നാണ് കേസുകൾ മാറ്റിയതെന്ന് ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രമോദ് ത്യാഗി പറഞ്ഞു.