youtuber-pundit

TOPICS COVERED

 

സാമൂഹിക, പൗരാവകാശ പ്രശ്നങ്ങളെക്കുറിച്ച് തന്‍റെ വ്ലോഗിലൂടെ സംസാരിച്ച് പേരെടുത്ത പ്രശസ്ത മഹാരാഷ്ട്രക്കാരന്‍ യൂട്യൂബറാണ് സന്തോഷ് പണ്ഡിറ്റ്. ഒന്നര ദശലക്ഷത്തോളം യൂട്യൂബ് സബ്സക്രൈബേഴ്സുള്ള പണ്ഡിറ്റിന്‍റെ വിഡിയോകള്‍ വന്‍ വൈറലുമാകാറുണ്ട്.  സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി വ്ലോഗുകള്‍ ചെയ്തുവരുന്നതിനിടെ പണ്ഡിറ്റ് അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. സ്ത്രീകൾക്കെതിരെ അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തി എന്ന കേസിലാണ് നടപടി. പിന്നാലെ പണ്ഡിറ്റിനെ പിന്തുണച്ച് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പണ്ഡിറ്റിനെ അറസ്റ്റ് ചെയ്യുന്നതിന്‍റെ നാടകീയ രംഗങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമാവുകയാണ്.

ഈയിടെ പൂണെ നഗരത്തിലടക്കം നിരവധി പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ റോഡ് പദ്ധതികളുടെ പിഴവുകളും അഴിമതികളും ചൂണ്ടിക്കാട്ടി പണ്ഡിറ്റ് വ്ലോഗുകള്‍ ചെയ്തിരുന്നു. ബിജെപി ഭരണ സംസ്ഥാനത്തിലെ മുഴുവന്‍ മന്ത്രിമാരെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും പണ്ഡിറ്റ് കടന്നാക്രമിച്ചിരുന്നു. ഇതുകൂടാതെ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയായ ചന്ദ്രകാന്ദ് പാട്ടീലിനെതിരെ തുടര്‍ച്ചയായി പണ്ഡിറ്റ് വിമര്‍ശനങ്ങളുമുയര്‍ത്തി. ഇതിന് പിന്നാലെ പണ്ഡിറ്റിനെതിരെ വധഭീഷണിയടക്കം ഉയര്‍ന്നു. 

പാട്ടീലിനെതിരെ വിഡിയോകള്‍ പോസ്റ്റ് ചെയ്തതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ അപകീര്‍ത്തി കേസ് പണ്ഡിറ്റിനെതിരെ ഫയല്‍ ചെയ്തു. ഇതിന് പിന്നാലെ പണ്ഡിറ്റിന്‍റെ വിഡിയോകളില്‍ അശ്ലീലവും ലൈംഗികത പ്രകടമാക്കുന്നതുമായ പരാമർശങ്ങൾ ഉണ്ടെന്നും ഇത് തന്‍റെ സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും പറഞ്ഞ് പൂണെ മുന്‍സിപല്‍ കോര്‍പറേഷന്‍ ജീവനക്കാരി പരാതി നല്‍കിയതോടെ പണ്ഡിറ്റ് അറസ്റ്റിലാവുകയായിരുന്നു.  

അറസ്റ്റ് ചെയ്യാന്‍ വരുന്ന പൊലീസുകാരന് ഷേക്ക്ഹാന്‍ഡ് കൊടുത്ത് സ്വയം മുഖത്ത് തുടര്‍ച്ചയായി അടിക്കുന്ന സന്തോഷ് പണ്ഡിറ്റിന്‍റെ അറസ്റ്റ് വിഡിയോ ഇതിനോടകം വൈറലാണ്. എന്നാല്‍ അറസ്റ്റിന് പിന്നാലെ മന്ത്രിമാര്‍ക്കെതിരെ പണ്ഡിറ്റ് ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിച്ചതില്‍ നിന്നും 39ല്‍ 19 മന്ത്രിമാരും ഗുരുതര കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ നിതീഷ് റാണെ എന്ന മന്ത്രിക്കെതിരെ 38 എഫ്ഐആറുകളുണ്ട്. ഇതില്‍ 20 എണ്ണവും ഗുരുതര കുറ്റകൃത്യങ്ങളാണ്. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാതെ പൊലീസ് കെട്ടിച്ചമച്ച കേസിന് പണ്ഡിറ്റിനെ അറസ്റ്റ് ചെയ്യാനാണ് താല്‍പര്യം കാണിച്ചതെന്നാണ് വിമര്‍ശനമുയരുന്നത്.

ENGLISH SUMMARY:

Santosh Pandit, a popular Maharashtrian YouTuber known for his vlogs on social and civil rights issues, has been arrested. His arrest comes amidst ongoing protests and growing support for him following his critical vlogs against the state government and its ministers.