തൃക്കാക്കര ഭാരത മാത കോളജിലെ മോർഫിങ്ങ് കേസിൽ പൂർവ്വ വിദ്യാർത്ഥികളിലേക്കും അന്വേഷണം. ദൃശ്യങ്ങൾ ടെലഗ്രാം ഗ്രൂപ്പുകളിൽ നൽകിയതിന് പിന്നിൽ പൂര്‍വ്വ വിദ്യാർത്ഥികൾക്കു പങ്കുണ്ടെന്നാണ് നിഗമനം. ദൃശ്യങ്ങൾ പങ്കുവച്ചതിലൂടെ പിടിയിലായ ശ്രീഹരിക്ക് പണം ലഭിച്ചട്ടില്ലെന്നാണ് കണ്ടെത്തൽ.

മോർഫിങ് കേസിൽ അറസ്റ്റിലായ ശ്രീഹരിയെ കൂടാതെ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ദൃശ്യങ്ങൾ ടെലഗ്രാം ഗ്രൂപ്പുകളിൽ നൽകിയതിന് പിന്നിൽ മലപ്പുറം സ്വദേശിയായ പൂർവ്വ വിദ്യാർഥിയാണെന്നും സൂചനയുണ്ട്. മോർഫ് ചെയ്ത ദൃശ്യങ്ങൾ പങ്കുവച്ചതിലൂടെ ശ്രീഹരി പണം സമ്പാദിച്ചതിന് തെളിവുകൾ ലഭിച്ചിട്ടില്ല. അഞ്ച് പേരടങ്ങുന്ന രഹസ്യ ഗ്രൂപ്പുകൾ വഴിയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഇവരെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു.

കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ശ്രീഹരിയുടെ ഫോണും, ലാപ്ടോപ്പും സൈബർ സംഘം പരിശോധിച്ചു വരികയാണ്. ദൃശ്യങ്ങൾ പങ്കിട്ട രഹസ്യ ഗ്രൂപ്പുകളിൽ ചിലത് ഡിലീറ്റ് ചെയ്തിട്ടുണ്ട്, ഇത് റിക്കവർ ചെയ്യാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു. സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത എൻജിനീയറിങ് വിദ്യാർഥിയെ കോട്ടയത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂരിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ ബിടെക് വിദ്യാർഥി അജ്മലാണ് പിടിയിലായത്. ഫോണിൽ സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് സൂക്ഷിച്ചത് മറ്റ് വിദ്യാർഥികൾ കണ്ടതോടെയാണ് വിവരം പുറത്തായത്. തുടർന്ന് പൊലീസിന് ലഭിച്ച വിവരപ്രകാരം അജ്മലിനെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും ഫോണിൽ സൂക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പരിശോധനയിൽ കണ്ടെത്തി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. 

ENGLISH SUMMARY:

Thrikkakara college morphing case investigation is expanding to include former students, as they are suspected to be behind sharing the morphed images on Telegram groups. Police are actively pursuing leads to uncover the extent of their involvement and to recover deleted evidence.