സഹപാഠികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് ചിത്രം മോർഫ് ചെയ്ത എൻജിനീയറിങ് വിദ്യാർഥി കോട്ടയത്ത് അറസ്റ്റില്‍. ഏറ്റുമാനൂരിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ ബി ടെക് വിദ്യാർഥി അജ്മൽ മുഹമ്മദാണ് പിടിയിലായത്. കോളജിലെ വിവിധ പരിപാടികളിൽ വച്ച് അജ്മൽ വിദ്യാർഥിനികളുടെ ചിത്രങ്ങൾ എടുക്കുകയും മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിച്ച് മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റുകയും ചെയ്യുകയായിരുന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ മറ്റ് വിദ്യാർഥികൾ കണ്ടതോടെയാണ് വിവരം പുറത്തായത്. തുടർന്ന് പൊലീസിന് ലഭിച്ച പരാതിയിൽ അജ്മലിനെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നാണ് പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്.
സമാനരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ മറ്റു ചില കോളജുകളിലും നടക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. തൃക്കാക്കര ഭാരത മാത കോളേജിലെ മോർഫിങ്ങ് കേസിൽ പൂർവ വിദ്യാർത്ഥികളിലേക്കും അന്വേഷണം നീളും. ദൃശ്യങ്ങൾ ടെലഗ്രാം ഗ്രൂപ്പുകളിൽ നൽകിയതിന് പിന്നിൽ പൂർവ വിദ്യാർത്ഥികൾക്കു പങ്കുണ്ടെന്നാണ് നിഗമനം. ദൃശ്യങ്ങൾ പങ്കുവച്ചതിലൂടെ പിടിയിലായ ശ്രീഹരിക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ
മോർഫിങ്ങ് കേസിൽ അറസ്റ്റിലായ ശ്രീഹരിയെ കൂടാതെ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ദൃശ്യങ്ങൾ ടെലഗ്രാം ഗ്രൂപ്പുകളിൽ നൽകിയതിന് പിന്നിൽ മലപ്പുറം സ്വദേശിയായ പൂർവ വിദ്യാർത്ഥയാണെന്നും സൂചനയുണ്ട്. മോർഫ് ചെയ്ത ദൃശ്യങ്ങൾ പങ്കുവച്ചതിലൂടെ ശ്രീഹരി പണം സമ്പാദിച്ചതിന് തെളിവുകൾ ലഭിച്ചിട്ടില്ല. അഞ്ച് പേരടങ്ങുന്ന രഹസ്യ ഗ്രൂപ്പുകൾ വഴിയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഇവരെ കുറിച്ച് അന്വേഷണം നടക്കുകയാണ്. ശ്രീഹരിയുടെ ഫോണും , ലാപ്ടോപ്പും സൈബർ സംഘം പരിശോധിച്ചു വരികയാണ്. ദൃശ്യങ്ങൾ പങ്കിട്ട രഹസ്യ ഗ്രൂപ്പുകളിൽ ചിലത് ഡിലീറ്റ് ചെയ്തിട്ടുണ്ട് ഇത് റിക്കവർ ചെയ്യാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു
കൊച്ചിയിലും യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതിയുണ്ട്. മുവാറ്റുപുഴ വാഴക്കുളം സ്വദേശിയായ യുവതി ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി. ബന്ധുവിന്റെ മെയിലിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങളും മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.