ചാരിറ്റി വിഡിയോ ചെയ്ത് രോഗിയില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് വ്ലോഗര്‍ മല്ലുബോയ്സ്. ആരോപണം ഉന്നയിച്ച സ്ത്രീക്കു വേണ്ടി എട്ടു തവണ വിഡിയോ ചെയ്തുവെന്നും കടമായി സഹായിച്ച തുക തിരികെ വാങ്ങിയതാണെന്നുമാണ് പ്രതികരണം. തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും കുറെ നാളായി ശ്രമം നടക്കുന്നതായും മല്ലുബോയ്സ് പങ്കുവച്ച വിഡിയോയില്‍ പറയുന്നു. തിരുവനന്തപുരം സ്വദേശി ക്യാന്‍സര്‍ രോഗിയായ ഷൈനിയെന്ന യുവതിയാണ് മല്ലുബോയ്സിനെതിരെ ആരോപണം ഉന്നയിച്ചത്.
Also Read: ചാരിറ്റി വിഡിയോ ചെയ്ത് രോഗിയില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി; മല്ലൂബോയ്സ് വ്ലോഗര്‍ക്കെതിരെ ആരോപണം
ഓഗസ്റ്റ് 18 ന് വാട്സാപ്പില്‍ വന്ന ഭീഷണി സന്ദേശങ്ങള്‍ വിഡിയോയില്‍ പങ്കുവച്ചു. 'ഇല്ലാതാക്കുമെന്ന് നാളുകളായുള്ള ഭീഷണിയാണ്. താന്‍ ചാരിറ്റി വിഡിയോ ചെയ്തു കൊടുത്ത എല്ലാവരെയും വിളിക്കുന്നുണ്ട്. എത്ര രൂപ മുടക്കിയാലും ഇല്ലാതാക്കുമെന്നാണ് ഭീഷണി. അതിലൊരാള്‍ വീണു. കല്ലെറിയുന്നെങ്കില്‍ എറിഞ്ഞോട്ടോ.
അവരുടെ മകള്‍ പറഞ്ഞിട്ടാണ് ഒരു വര്‍ഷം മുന്‍പ് വിഡിയോ ചെയ്തത്. ആ കുടുംബത്തിന് ഒരു രൂപ എടുക്കാനില്ലാത്ത സമയത്താണ് വിഡിയോ എടുത്തു കൊടുത്തത്. കുട്ടിക്ക് സ്വന്തം പൈസയ്ക്ക് ബുക്കു വാങ്ങികൊടുത്തു. പല തവണയായി എട്ടു വിഡിയോ ചെയ്തു. 2025 മുതല്‍ കഴിഞ്ഞാഴ്ച വരെയുള്ള സ്റ്റേറ്റ്മെന്‍റ് നോക്കിയാല്‍ 15 ലക്ഷത്തിന് മുകളില്‍ പണം അവര്‍ക്ക് കിട്ടി'
'വീടില്ല, മറ്റൊരാളുടെ വീട്ടിലാണ് താമസിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ വീട് വെയ്ക്കാന്‍ കൂട്ടുകാരുടെ കയ്യില്‍ നിന്ന് പണം വാങ്ങി 1.80 ലക്ഷം രൂപ കൊടുത്തു. രണ്ടു ലക്ഷം കൊടുക്കണമെന്നായിരുന്നു ഉദ്യേശിച്ചത്. പക്ഷേ അതുപറ്റിയില്ല. നേരിട്ട് പണമായാണ് കൊടുത്തത്. പണം കിട്ടുമ്പോള്‍ തിരികെ തരണമെന്ന് പറഞ്ഞിരുന്നു. അതാണ് വാങ്ങിയത്. അതാണ് 1.80 ലക്ഷം. ബാക്കി പൈസ വാങ്ങിയോ എന്ന് ചോദിക്ക്', എന്നും മല്ലു ബോയ്സ് പറഞ്ഞു.
പലതവണകളായി ഗൂഗിള്‍ പേ വഴി പണം വാങ്ങിയെന്നാണ് തിരുവനന്തപുരം സ്വദേശി ഷൈനിയുടെ ആരോപണം. പണം അക്കൗണ്ടിലെത്തിയ ശേഷം മല്ലൂ ബോയ്സ് അക്കൗണ്ടിലേക്കും നേരിട്ടും പലതവണകളായി പണം വാങ്ങിയെടുത്തു എന്നാണ് ഷൈനി ആരോപിക്കുന്നത്. നയന മോഹന്‍ എന്ന ഇന്‍സറ്റഗ്രാം ഇന്‍ഫ്ലുവന്‍സറാണ് തട്ടിപ്പിന്‍റെ വിഡിയോ പുറത്തുവിട്ടത്. ഗൂഗിള്‍ പേ ഇടപാടുകളുടെ വിവരങ്ങള്‍ വിഡിയോയില്‍ പങ്കുവച്ചിട്ടുണ്ട്. 25000 രൂപ കയ്യില്‍ കൊടുത്തുവെന്നും ആകെ 2.80 ലക്ഷം രൂപ കൈമാറിയെന്നുമാണ് വിഡിയോയില്‍ പറയുന്നത്.