• ഹൃദയാഘാതം സംഭവിച്ച അദ്ദേഹത്തെ ഉടന്‍ തന്നെ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പുലര്‍ച്ചെ നാലുമണിയോടെ മരണം സംഭവിച്ചു

ജാര്‍ഖണ്ഡിലെ ഉന്നത വിദ്യാഭ്യാസ –നഗര വികസന മന്ത്രി  സുദിവ്യ കുമാര്‍ സോനു (56) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ രാത്രി ഹൃദയാഘാതം സംഭവിച്ച അദ്ദേഹത്തെ ഉടന്‍ തന്നെ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പുലര്‍ച്ചെ നാലുമണിയോടെ മരണം സംഭവിച്ചുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഗിരിദിത്തില്‍ നിന്നുള്ള സാമാജികനായ സുദിവ്യ കുമാര്‍ ടൂറിസം– കലാ–സാംസ്കാരിക–കായിക–യുവജന ക്ഷേമ വകുപ്പുകളും  കൈകാര്യം ചെയ്തിരുന്നു. 

'സുദിവ്യ കുമാറിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച കുടുംബം നടുങ്ങിയിരിക്കുകയാണ്. ജാര്‍ഖണ്ഡ് സര്‍ക്കാരിലെ മന്ത്രിയെന്ന നിലയിലും ജെഎംഎം സഖാവെന്ന നിലയിലും ഈ ശൂന്യത ഞങ്ങള്‍ക്ക് താങ്ങാനാകുന്നതിനുമപ്പുറമാണ്. ജാര്‍ഖണ്ഡിനും ഇത് തീരാ നഷ്ടമാണ്'- ജെഎംഎം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. സുദിവ്യ കുമാറിന്‍റെ മരണം വ്യക്തിപരമായി കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു. വിശ്വസ്തനായ സുഹൃത്തും വഴികാട്ടിയും ജാര്‍ഖണ്ഡ് മുന്നേറ്റത്തിലെ സമര്‍പ്പിത പോരാളിയുമായിരുന്നു സുദിവ്യയെന്നും സംസ്ഥാനത്തിന്‍റെ അവകാശങ്ങള്‍ക്കായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ വിസ്മരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഹേമന്ത് സോറന്‍ അറസ്റ്റിലായ സമയത്തുള്‍പ്പടെ ജെഎംഎമ്മിന്‍റെ പ്രതിസന്ധിഘട്ടങ്ങളില്‍ കരുത്തുറ്റ നേതൃത്വമാണ് സുദിവ്യ കുമാര്‍ നല്‍കിയത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കര്‍ണാടക സന്ദര്‍ശിച്ച് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ ശേഷം ജാര്‍ഖണ്ഡിലെ ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്‍റ് രീതിയില്‍ സമൂല മാറ്റം വരുത്താനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടിരുന്നു. 

ENGLISH SUMMARY:

Jharkhand's Higher Education and Urban Development Minister, Sudivya Kumar Sonu, passed away at the age of 56 following a sudden cardiac arrest. He was rushed to a private hospital in Ranchi, but medical reports confirmed his death occurred early in the morning. A prominent leader of the Jharkhand Mukti Morcha (JMM) and MLA from Giridih, he had played a vital role during the party's various political crises. Chief Minister Hemant Soren and the JMM party expressed deep grief, calling his sudden demise an irreparable loss to the state.