ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 13കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പ്രായപൂർത്തിയാകാത്തവരടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16ഉം 17ഉം വയസ്സുള്ള രണ്ട് പേരെയും 18കാരനേയുമാണ് പൊലീസ് പിടികൂടിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തട്ടുകടയിൽ നിന്നും നൂഡില്‍സ് കഴിക്കാനായി വീട്ടിൽ നിന്നും ഒറ്റയ്ക്ക് പുറത്തിറങ്ങിയതായിരുന്നു ഏഴാം ക്ലാസുകാരിയായ കുട്ടി. ആ സമയത്താണ് പരിചയക്കാരായ മൂന്നുപേര്‍ കുട്ടിയുടെ അടുക്കലേക്കെത്തിയത്. പിന്നാലെ ഇവരിലൊരാളുടെ ബന്ധുവിന്റെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
ഒരു മണിക്കൂറിന് ശേഷം പ്രതികള്‍ കുട്ടിയെ പോകാനനുവദിച്ചു. എന്താണ് വൈകിയതെന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി സംഭവം തുറന്നുപറയുന്നത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ വേവ് സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത 137(2) തട്ടിക്കൊണ്ടുപോകൽ, 70(2) കൂട്ടബലാത്സംഗം, പോക്സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവം നടന്ന് പിറ്റേ ദിവസം തന്നെ മൂന്ന് പ്രതികളെയും പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. വൈദ്യപരിശോധനാ ഫലം നിലവിൽ പുറത്തുവിടാനാകില്ലെന്ന് വേവ് സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പ്രിയശ്രീ പാൽ അറിയിച്ചു.
പിടിയിലായ മൂന്ന് പ്രതികളും വിദ്യാർത്ഥികളാണ്. പെൺകുട്ടിയും പ്രതികളും ഒരേ പ്രദേശത്തുള്ളവരാണെന്നും പരസ്പരം അറിയാവുന്നവരാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.