File Image Credit: PTI

  • 2013 ല്‍ ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച പരിപാടിക്കിടെ ഹോട്ടലിന്‍റെ ലിഫ്റ്റില്‍ വച്ച് ജൂനിയറായ സഹപ്രവര്‍ത്തകയോട് തരുണ്‍ തേജ്പാല്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്

തെഹല്‍ക മുന്‍ എഡിറ്ററും ബലാല്‍സംഗക്കേസ് പ്രതിയുമായ തരുണ്‍ തേജ്​പാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി. കീഴടങ്ങല്‍ ഒഴിവാക്കണമെന്ന ഹര്‍ജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. അടുത്തമാസം 22നകം കീഴടങ്ങല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിചാരണക്കോടതി വിധി റദ്ദാക്കി ,10 വര്‍ഷം കഠിന തടവിന് വിധിച്ചുള്ള ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് തരുണ്‍ തേജ്​പാല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

2013 ല്‍ ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച പരിപാടിക്കിടെ ഹോട്ടലിന്‍റെ ലിഫ്റ്റില്‍ വച്ച് ജൂനിയറായ സഹപ്രവര്‍ത്തകയോട് തരുണ്‍ തേജ്​പാല്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന് സംശയാതീതമായി ആരോപണം തെളിയിക്കാനായില്ലെന്നും സംശയത്തിന്‍റെ ആനുകൂല്യത്തില്‍ തരുണ്‍ തേജ്​പാലിനെ കുറ്റവിമുക്തനാക്കുകയാണ് എന്നുമായിരുന്നു ഗോവ സെഷന്‍സ് കോടതി 2021 മേയില്‍ വിധിച്ചത്. 

ഇതിനെതിരെ ഗോവ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് തരുണ്‍ തേജ്​പാല്‍ കുറ്റക്കാരനെന്ന് ബോംബെ ഹൈക്കോടതി കണ്ടെത്തിയതും ശിക്ഷ വിധിച്ചതും. ഇതോടെയാണ് തരുണിന്റെ അഭിഭാഷകന്‍ ആദിത്യ സമദ്ദാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കുറ്റകൃത്യത്തിന്‍റെ സ്വഭാവം പരിഗണിക്കുമ്പോള്‍ നിലവിലെ ശിക്ഷ പോരെന്നും ജീവപര്യന്തമായി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗോവ സര്‍ക്കാരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

ENGLISH SUMMARY:

The Supreme Court of India has dismissed a plea filed by former Tehelka editor and rape convict Tarun Tejpal, directing him to surrender within two weeks. The apex court instructed his legal team to submit the surrender certificate by the 22nd of next month. This legal development follows the Bombay High Court's ruling, which had set aside a trial court's acquittal and sentenced him to 10 years of rigorous imprisonment. Meanwhile, the Goa government has filed a separate petition in the Supreme Court demanding that his sentence be enhanced to life imprisonment.