Image Credit: X

Image Credit: X

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി ഫ്ലാറ്റിലേക്ക് എത്തിയ ഡെലിവറി ഏജന്‍റിനെ തടഞ്ഞതില്‍ സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്തും അസഭ്യം പറഞ്ഞും യുവതി. ഗ്രേറ്റര്‍ നോയിഡയിലെ അമ്രപാലി സെഞ്ചൂറിയന്‍ പാര്‍ക്ക് ടെറസ് ഹോംസിലാണ് സംഭവം. സുരക്ഷയുടെ ഭാഗമായാണ് സെക്യൂരിറ്റി ജീവനക്കാരന്‍ ഡെലിവറി ഏജന്‍റിനെ ഗേറ്റില്‍ തടഞ്ഞ് വിവരം ആരാഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. 

ഗേറ്റിലേക്ക് എത്തിയ യുവതി സെക്യൂരിറ്റി ഗാര്‍ഡിന് നേരെ കാലുയര്‍ത്തി നില്‍ക്കുന്നതും അസഭ്യം വിളിക്കുന്നതും ആക്രമിക്കാന്‍ ഒരുങ്ങുന്നതും വിഡിയോയില്‍ കാണാം. വാക്കേറ്റം രൂക്ഷമായതോടെ സെക്യൂരിറ്റിമാരിലൊരാളോട് മോശമായ ഭാഷയിലും യുവതി സംസാരിക്കുന്നുണ്ട്. ' നിന്നെ കൊന്നുകളയും ഞാന്‍. രണ്ട് റൊട്ടി പോലും എടുക്കാന്‍ നിവര്‍ത്തിയില്ലല്ലോ, എന്നെ വച്ച് നോക്കിയാല്‍ നീയൊന്നും ഒന്നുമല്ല. എന്‍റെ ചെരുപ്പ് നിന്നെക്കൊണ്ട് വൃത്തിയാക്കിക്കാനും എനിക്കറിയാം'- യുവതി ആക്രോശിക്കുന്നു. പിന്നാലെ ഗേറ്റിന് സമീപത്തുള്ള കസേരകളിലൊന്നെടുത്ത് സെക്യൂരിറ്റിക്ക് നേരെ എറിയുന്നുമുണ്ട്. 

അതേസമയം, ഫ്ലാറ്റിലേക്ക് എത്തുന്ന താമസക്കാരല്ലാത്ത എല്ലാവര്‍ക്കും സുരക്ഷാ പരിശോധന ബാധകമാണെന്നും താമസക്കാരുടെ സുരക്ഷയ്ക്കായാണ് ഇത്തരമൊരു നിബന്ധന വച്ചിരിക്കുന്നതെന്നും, ഡെലിവറി ഏജന്‍റുമാരോട് കൃത്യമായി വിവരങ്ങള്‍ ചോദിച്ച ശേഷം മാത്രമേ അകത്തേക്ക് വിടാറുള്ളൂവെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ രോഷമാണ് യുവതിക്കെതിരെ ഉയരുന്നത്. യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് വിഡിയോയ്ക്ക് ചുവടെ ആളുകള്‍ കുറിക്കുന്നത്. 

ENGLISH SUMMARY:

A woman verbally abused and attempted to assault a security guard at Amrapali Centurion Park Terrace Homes in Greater Noida after a delivery agent carrying her food order was stopped at the gate for routine checks. Video footage captured the resident hurling expletives, making death threats, and throwing a chair at the security personnel who were enforcing mandatory visitor check-in rules established for resident safety. The apartment association reiterated that security screening applies to all non-residents, emphasizing that guards were simply carrying out their assigned duties. Following the video's viral spread on social media, netizen outrage has grown rapidly, with widespread calls demanding strict legal action against the woman.