ഹോംവർക്ക് ചെയ്യാത്തതിനെത്തുടർന്ന് ക്ലാസ് മുറിയിൽ വച്ച് അധ്യാപിക മുഖത്തടിച്ച യുകെജി വിദ്യാർഥി കുഴഞ്ഞുവീണുമരിച്ചു. വിശാഖപട്ടണം വൺടൗണിലെ ലിറ്റിൽ ഗാർഡൻ സ്കൂളിലെ വിദ്യാർഥി ആറു വയസുകാരന്‍ പ്രണയ് തേജയാണു മരിച്ചത്. അധ്യാപിക കുട്ടിയോട് മോശമായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Also Read: പാക്കിസ്ഥാനിലേക്ക് തുടർച്ചയായി ചൈനീസ്, തുർക്കിഷ് സൈനിക വിമാനങ്ങൾ; ലക്ഷ്യമെന്ത്?
ക്ലാസിൽ വിദ്യാർഥികളുടെ ഹോംവർക്ക് പരിശോധിക്കുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം. കുട്ടികളെ വരിവരിയായി നിർത്തി പരിശോധിക്കുന്നതും, കരഞ്ഞുകൊണ്ടുനിൽക്കുന്ന പ്രണയ് തേജയോട് അധ്യാപിക കയർക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കുട്ടിയുടെ വസ്ത്രം അഴിക്കാൻ ശ്രമിക്കുന്ന അധ്യാപിക, കുട്ടിയെ പിടിച്ചുവലിക്കുന്നതും കാണാം. ഇതു തടയാനായി കുട്ടി കരഞ്ഞുകൊണ്ടു കൈകൾ വീശുന്നതിനിടെ അധ്യാപിക മുഖത്തടിക്കുകയായിരുന്നു. ഒരല്പനേരം അനങ്ങാതെ നിന്ന കുട്ടി തൊട്ടുപിന്നാലെ അധ്യാപികയുടെ മുന്നിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.
സംഭവത്തിനു പിന്നാലെ കുട്ടിയെ ഉടൻതന്നെ പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
Also Read: 'ഞാനെന്‍റെ അച്ഛന്‍റെ വീട്ടില്‍'; വിമര്‍ശകര്‍ക്ക് മറുപടിയുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ
അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് മുൻപ് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.