Image Credit: X@TheAccoundant

Image Credit: X@TheAccoundant

  • കഴിഞ്ഞ 60 മണിക്കൂറിനിടെ ചൈനയിലും തുർക്കിയിലും നിന്നുള്ള സൈനിക ചരക്കുവിമാനങ്ങൾ പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളിൽ തുടർച്ചയായി ഇറങ്ങി.

പാക്കിസ്ഥാനിലേക്ക് ചൈനയിൽനിന്നും തുർക്കിയിൽനിന്നും തുടർച്ചയായി സൈനിക വിമാനങ്ങളെത്തുന്നത് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നു. കഴിഞ്ഞ 60 മണിക്കൂറിനിടെ ഇരു രാജ്യങ്ങളിൽനിന്നുമായി നിരവധി സൈനിക ചരക്കുവിമാനങ്ങൾ പാക്കിസ്ഥാനിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. റാവൽപിണ്ടിക്ക് സമീപമുള്ള നൂർ ഖാൻ വ്യോമതാവളത്തിലും കറാച്ചിയിലെ മസ്രൂർ വ്യോമതാവളത്തിലുമാണ് വിമാനങ്ങൾ ഇറങ്ങിയത്.

ചൈനീസ് സൈന്യത്തിന്‍റെ ചരക്കുവിമാനങ്ങൾക്കൊപ്പം തുർക്കിഷ് വ്യോമസേനയുടെ TUAF526 എന്ന സൈനിക ചരക്കുവിമാനവും പാക്കിസ്ഥാനിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഡ്രോണുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളുമാണ് ഈ വിമാനങ്ങളിൽ ഉണ്ടായിരുന്നതെന്നാണ് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, വിമാനങ്ങളിൽ എത്തിച്ച ഉപകരണങ്ങളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള ദീർഘകാല പ്രതിരോധ സഹകരണത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കങ്ങൾ. പാക്കിസ്ഥാന്‍റെ സൈനിക ആവശ്യങ്ങളിൽ നിർണായക പങ്കാളിയാണ് ചൈന. യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയ സൈനിക ഉപകരണങ്ങൾക്കായി പാക്കിസ്ഥാൻ പ്രധാനമായും ചൈനയെ ആശ്രയിക്കുന്നുണ്ട്.

അതേസമയം, പാക്കിസ്ഥാന്‍റെ മറ്റൊരു പ്രധാന പ്രതിരോധ പങ്കാളിയായി തുർക്കിയും മാറുകയാണ്. ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ തുർക്കിയുടെ പിന്തുണ തേടിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇരുരാജ്യങ്ങളും പ്രതിരോധ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കങ്ങളെ വിലയിരുത്തുന്നത്.

തുർക്കിയുടെ അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയായ ‘കാൻ’ (KAAN)-ലും പാക്കിസ്ഥാൻ സഹകരിക്കുന്നുണ്ട്. ഏകദേശം 200 പാക്കിസ്ഥാൻ എൻജിനീയർമാരും ഉദ്യോഗസ്ഥരും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പദ്ധതിയിൽ പാക്കിസ്ഥാനെ ഔദ്യോഗികമായി ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുന്നുണ്ട്.

ചൈനയിൽനിന്നും തുർക്കിയിൽനിന്നും ഒരേ സമയത്ത് പാക്കിസ്ഥാനിലേക്ക് സൈനിക ചരക്കുവിമാനങ്ങളുടെ വരവ് വർധിച്ചത് അതുകൊണ്ടുതന്നെ ശ്രദ്ധേയമാണ്. പ്രതിരോധ ഉപകരണങ്ങളുടെ കൈമാറ്റമോ, സൈനിക സഹകരണം ശക്തിപ്പെടുത്താനുള്ള നീക്കമോ—പാക്കിസ്ഥാനിലേക്കുള്ള ഈ വിമാനങ്ങളുടെ ലക്ഷ്യം എന്താണെന്നതിൽ വ്യക്തത വരേണ്ടതുണ്ട്. 

ENGLISH SUMMARY:

Military transport aircraft from China and Turkey have made repeated landings at Pakistani airbases over a span of sixty hours. Security sources indicate this unusual surge in air traffic is linked to the delivery of defense equipment, including advanced drones and military matériel. This development highlights the deepening defense cooperation and strategic military modernization efforts among Pakistan, China, and Turkey. The timing coincides with growing geopolitical realignments and regional defense pacts that have placed Indian security agencies on high alert.