NiuLai-viral-chinese-movie

പരമ്പരാഗതമായ അനിമേഷൻ, ശബ്ദസംവിധാനം, കളറിങ്, ആശയക്കുഴപ്പമുണ്ടാക്കുന്ന കഥ... എങ്ങനെ നോക്കിയാലും ഒരു അമ്പേ പരാജയമാകേണ്ട ചിത്രം. എന്നാൽ, ഈ കൊച്ചു ചൈനീസ് 3D അനിമേഷൻ സിനിമ ഇപ്പോൾ സിനിമാലോകത്തെ തന്നെ അത്ഭുതപ്പെടുത്തുകയാണ്.

ഷിൻ യുമെങ് എന്ന സംവിധായകനും അദ്ദേഹത്തിന്റെ അമ്മയും ചേർന്ന് നിർമിച്ച ‘ന്യൂ ലായ്’ അഥവാ ‘ദി കൗ ഈസ് കമിങ്’ എന്ന ചിത്രത്തിന് വെറും ഒരു ലക്ഷം രൂപ മാത്രമാണ് നിർമാണച്ചെലവെന്നാണ് റിപ്പോർട്ടുകൾ. 86 മിനിറ്റ് ദൈർഘ്യമുള്ള ഈ കൊച്ചു അനിമേഷൻ സിനിമ ഇപ്പോൾ ഹോളിവുഡിലെ വമ്പൻ ചിത്രങ്ങളായ ‘സ്പൈഡർമാൻ’, ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’ എന്നിവയുമായി പോലും ബോക്സ് ഓഫീസ് ചർച്ചകളിൽ ഇടം നേടിയിരിക്കുകയാണ്.

‘ന്യൂ ലായ്’ എന്ന കാളക്കുട്ടിയുടെ സ്വപ്നലോകത്തേക്ക് ഒരു പക്ഷി പറന്നെത്തുന്നതും ഇരുവരും തമ്മിൽ രൂപപ്പെടുന്ന സൗഹൃദവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വീട്ടിലെ കമ്പ്യൂട്ടർ ഉപയോഗിച്ച് അമ്മയും മകനും ചേർന്നാണ് എഡിറ്റിങ്ങും ഡബ്ബിങ്ങും ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കിയത്.

എന്നാൽ, ഓഗസ്റ്റ് അഞ്ചിന് സിനിമ റിലീസ് ചെയ്തതോടെ കാര്യങ്ങൾ മാറി. നിലവാരം കുറഞ്ഞ 3D അനിമേഷനും അവതരണവും കണ്ട് പ്രേക്ഷകർ ചിത്രത്തെ വ്യാപകമായി പരിഹസിച്ചു. ‘2026ലെ ഏറ്റവും മോശം അനിമേഷൻ സിനിമകളിലൊന്ന്’, ‘കാശ് കളയാൻ ടിക്കറ്റ് എടുക്കരുത്’ തുടങ്ങിയ കമന്റുകളും മീമുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.

പക്ഷേ, ഈ പരിഹാസം തന്നെയാണ് പിന്നീട് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രചാരണമായി മാറിയത്.

വൈറലായ നെഗറ്റീവ് കമന്റുകളും മീമുകളും കണ്ടതോടെ സിനിമ എത്രത്തോളം മോശമാണെന്ന് നേരിട്ട് അറിയാനുള്ള കൗതുകം പ്രേക്ഷകരിൽ വർധിച്ചു. ‘ഇത്രയും മോശമാണെങ്കിൽ ഒന്ന് കണ്ടുനോക്കാം’ എന്ന ചിന്തയോടെ ആളുകൾ തിയറ്ററുകളിലേക്ക് എത്താൻ തുടങ്ങി. ചിത്രത്തെ വിമർശിക്കാൻ പോലും പലരും ടിക്കറ്റെടുത്ത് സിനിമ കാണുന്ന സാഹചര്യമുണ്ടായി.

അത്ഭുതമെന്ന് പറയട്ടെ, റിലീസ് ചെയ്ത് ആദ്യ 10 ദിവസങ്ങളിൽ വെറും 7,700 യുവാൻ, അതായത് ഏകദേശം 1.04 ലക്ഷം രൂപ മാത്രം കളക്ഷൻ നേടിയ ‘ന്യൂ ലായ്’ ഇപ്പോൾ 11 കോടിയോളം രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. തുടക്കത്തിൽ തന്നെ തിയറ്ററുകളിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് കരുതിയ ചിത്രം ഒടുവിൽ 2026ലെ വമ്പൻ ഹോളിവുഡ് റിലീസുകളായ ‘Spider-Man: Brand New Day’, ‘The Odyssey’ എന്നിവയുമായി താരതമ്യപ്പെടുത്തുന്ന തരത്തിലേക്ക് എത്തി.

സിനിമയെ പ്രശസ്തമാക്കിയത് മികച്ച അനിമേഷനായിരുന്നില്ല. മറിച്ച്, അതിന്റെ പരിമിതികളും പോരായ്മകളുമാണ്. അങ്ങനെ ‘ന്യൂ ലായ്’ എന്ന അമേച്ചർ അനിമേഷൻ ചിത്രം ‘so bad, it became good’ എന്ന പ്രയോഗത്തിന് പുതിയൊരു അർഥം നൽകുകയാണ്.

ENGLISH SUMMARY:

The low-budget Chinese animation film 'New Lai' (The Cow is Coming), despite its initial criticism for poor animation and storytelling, has become an unexpected box office hit by embracing the "so bad, it's good" phenomenon. This story of friendship between a calf and a bird has surprised the film industry with its remarkable turnaround from widespread mockery to significant financial success.