കെജിഎഫിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ കന്നട താരം യഷ് നായകനായെത്തിയ ടോക്സിക് തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രത്തില്‍ യഷിന്‍റെ ഇരട്ട വേഷത്തിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയാണ് അണിനിരന്നത്. എന്നിട്ടും ബോക്സോഫീസില്‍ പ്രതീക്ഷിച്ച മുന്നേറ്റം സൃഷ്ടിക്കാനായില്ല ചിത്രത്തിന്. ബിസിനസ് തലത്തില്‍ ടോക്സിക്കിനെ ചുറ്റിപ്പറ്റി ഇപ്പോള്‍ ഉയരുന്നത് വമ്പന്‍ തിരിച്ചടിയുടെ കണക്കുകളാണ്.
500 കോടിയായിരുന്നു യഷ് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ടോക്സിക്കിന്‍റെ ബജറ്റ്. താരനിരകൊണ്ടും വമ്പന്‍ ക്യാന്‍വാസ്കൊണ്ടും ചിത്രീകരണ ദൈര്‍ഘ്യംകൊണ്ടും ചിത്രത്തിന് ബജറ്റിന്‍റെ പേരുമ അവകാശപ്പെടാമെങ്കിലും, തിയറ്റര്‍ റിലീസോടെ ആകെ കൈ പൊള്ളുന്ന സാഹചര്യമാണ് പ്രൊഡക്ഷന്‍ ഹൗസ് നേരിടേണ്ടിവന്നത്. ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സിലും വലിയ ഇടിവ് നേരിട്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ പ്രീ റിലീസ് ഒടിടി റൈറ്റ്സ് 150 കോടിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോമില്‍ നിന്നും വെറും 30 കോടി രൂപയുടെ ഓഫര്‍ മാത്രമാണ് ലഭിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ബി ടൗണില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടോക്സിക്കിന് ഒരു പ്രമുഖ ഒടിടി പ്ലാറ്റ്ഫോമില്‍ നിന്നും 150 കോടിയുടെ ഓഫറുണ്ടായിരുന്നു. പക്ഷേ, ടോക്സിക് ടീമില്‍ നിന്നുള്ള ആവശ്യം 200 കോടിയുടേതായിരുന്നു. തിയറ്റില്‍ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ബിസിനസ് നടത്തുമെന്നും, തിയറ്റര്‍ റിലീസിനു ശേഷം 200 കോടിക്കു മുകളില്‍ ഒടിടി ബിസിനസ് നടത്താമെന്നുമായിരുന്നു യഷ് അടക്കം അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നത്. ചിത്രം തിയറ്റര്‍ ബിസിനസില്‍ തിരിച്ചടി നേരിട്ടതോടെ, പോസ്റ്റ് തിയറ്റര്‍ സ്ട്രീമിംഗ് അവകാശങ്ങള്‍ 30 കോടി രൂപവരെ മാത്രമാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്.
ഇന്ത്യന്‍ ബോക്സോഫില്‍ 300 കോടി ക്ലബിലേക്ക് എത്തുന്ന ചിത്രം, വേള്‍ഡ് വൈഡ് ഇതുവരെ 340 കോടിയോളം നേടിയെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ട്. റിലീസ് ദിവസം 101.10 കോടിയിലേറെ ദിവസം കളക്ഷന്‍ നേടിയ ചിത്രം രണ്ടാം ദിവസം തന്നെ 37.65 കോടിയിലേക്ക് വീണു. ഒരു ആഴ്ച തികയും മുന്‍പ് കളക്ഷന്‍ ഒറ്റ സംഖ്യയിലേത്ത് കൂപ്പുകുത്തിയതോടെയാണ് ബിസിനസില്‍ വലിയ ഇടിവാണ് നേരിട്ടത്.
18 പ്ലസ് അഡൽറ്റ് റേറ്റിങ് നേടി 'എ' സര്‍ട്ടിഫക്കറ്റോടെയാണ് ചിത്രം തിയറ്ററിലെത്തിയതും. സിനിമ മുതിർന്നവർക്ക് വേണ്ടി മാത്രമുള്ളതാണെന്നും കുട്ടികൾ ഈ ചിത്രം കാണരുതെന്നും, അവർ വീട്ടിലിരിക്കണമെന്നുമായിരുന്നു സിനിമ റിലസ് ചെയ്യുന്നതിനു മുന്‍പ് നായകന്‍ യഷ് പറഞ്ഞത്. മുതിർന്നവർക്ക് ശരിയും തെറ്റും തിരിച്ചറിയാൻ കഴിയുമെന്നതിനാലാണ് അവർക്കായി ഈ ചിത്രം ഒരുക്കിയതെന്നായിരുന്നു നായകന്‍റെ ഭാഷ്യം. ഇപ്പോള്‍, ടോക്സിക്കിന്‍റെ നിര്‍മാതാക്കള്‍ ഒടിടിക്കു വേണ്ടി മറ്റൊരു പതിപ്പ് എഡിറ്റ് ചെയ്ത് പുറത്തിറക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ എല്ലാത്തരം പ്രേക്ഷകരേയും ലക്ഷ്യംവെച്ച് ഒടിടിക്കായി മറ്റൊരു പതിപ്പാകും ഇനി റിലീസ് ചെയ്യുന്നതും. നഷ്ടം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള മറ്റു ചര്‍ച്ചകളും നടന്നുവരികയാണ്. തിയറ്റര്‍ ബിസിനസിനു പിന്നാലെ ഒടിടി ബിസിനസിലും തിരിച്ചടി നേരിട്ടതോടെ, യഷ് അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ നിരാശയിലാണ്.