കന്നഡ സൂപ്പര്‍ താരം യഷിനെ കുറിച്ചുള്ള അല്ലു അര്‍ജുന്‍റെ പിതാവ് അല്ലു അരവിന്ദിന്‍റെ പരാമര്‍ശങ്ങള്‍ക്ക് കടുത്ത മറുപടി നല്‍കി അമ്മ പുഷ്പ അരുൺ കുമാർ. യഷ് ഒരു ഭീകരവാദിയല്ലെന്നും ആകാശത്തുനിന്ന് പെട്ടെന്ന് വീണ ആളല്ലെന്നും, സ്വന്തം അധ്വാനം കൊണ്ട് വളർന്നുവന്ന വ്യക്തിയാണെന്നും അവർ പറഞ്ഞു. യഷിന്റെ പുതിയ ചിത്രമായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സി'ന് നെഗറ്റീവ് റിവ്യുകള്‍ വരുന്നതിനിടയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അല്ലു അരവിന്ദിനും അവര്‍ മറുപടി നല്‍കിയത്.
'പാവപ്പെട്ട ഒരു സാധാരണക്കാരനായ പയ്യന്റെ കാര്യത്തിൽ ഇത്രയധികം ആകുലപ്പെടേണ്ട കാര്യമില്ല. കൈനിറയെ എല്ലാം നൽകി ആരും അവനെ വളർത്തിയതല്ല. കെജിഎഫ് ഇറങ്ങുന്നതിന് മുന്‍പ് തന്നെ അവന് കന്നഡയില്‍ ആരാധകര്‍ ഉണ്ടായിരുന്നു. അന്നും ഞങ്ങൾ ഭയന്നിട്ടില്ല, പിന്നെന്തിനാണ് ഇപ്പോൾ ഭയപ്പെടുന്നത്? അവന്റെ പിതാവ് ഒരു കെഎസ്ആർടിസി ബസ് ഡ്രൈവറായിരുന്നു, അമ്മ വീട്ടമ്മയായിരുന്നു,' പുഷ്പ പറഞ്ഞു. സമ്പത്തോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ ഇൻഡസ്ട്രിയിൽ വന്ന് ഇത്രയും വലിയ നേട്ടം കൊയ്ത ഒരു നടന്റെ മുൻകാല കരിയറിനെ അവഗണിക്കുന്നവർ നാണിക്കണമെന്നും തന്റെ മകനെ ഓർത്ത് അഭിമാനിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പുഷ്പ വ്യക്തമാക്കി.
തന്റെ മകന്റെ കരിയർ തകർക്കാനും ടോക്സിക്കിനെതിരെ പ്രചാരണം നടത്താനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പുഷ്പ പറഞ്ഞു . 'ചിലർ മനഃപൂർവ്വം എന്റെ മകന്റെ കരിയർ അടിച്ചമർത്താൻ ശ്രമിക്കുകയും ടോക്സിക്കിനെതിരെ പ്രചരണം നടത്തുകയും ചെയ്യുകയാണ്. യഷിന് പ്രേക്ഷക പിന്തുണ തുടരുന്നിടത്തോളം, ആർക്കും അവന്റെ വളർച്ച തടയാൻ കഴിയില്ല,' അവർ കൂട്ടിച്ചേർത്തു. 2023-ലായിരുന്നു തെലുങ്ക് നിർമ്മാതാവ് അല്ലു അരവിന്ദ് കെ.ജി.എഫിന് മുൻപുള്ള യഷിന്റെ കരിയറിനെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയത്. ടോക്സിക്ക് റിലീസിന് പിന്നാല ഈ പരാമര്‍ശങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയായിരുന്നു.
2007-ൽ 'ജംബഡ ഹുഡുഗി' എന്ന ചിത്രത്തിലൂടെയാണ് യഷ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. നൂറോളം ദിവസങ്ങൾ തിയേറ്ററുകളിൽ വിജയിച്ച ചിത്രമായിരുന്നു അത്. ടെലിവിഷനിലൂടെ കരിയര്‍ തുടങ്ങി സഹനടനായും പിന്നീട് നടനായും അഭിനയിച്ചാണ് യഷ് കന്നഡ സിനിമയിലെ മുൻനിര നായകനായി മാറിയത്. 2018-ൽ പ്രശാന്ത് നീൽ സംവിധാനം ചെയ്ത 'കെ.ജി.എഫ്: ചാപ്റ്റർ 1' ആണ് യഷിന്റെ കരിയർ മാറ്റിയെഴുതിയത്. 80 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 238 കോടിയോളമാണ് നേടിയത്. തുടർന്ന് 2022-ൽ പുറത്തിറങ്ങിയ 'കെ.ജി.എഫ്: ചാപ്റ്റർ 2' 1,235 കോടിയിലധികം നേടി ആയിരം കോടി ക്ലബ്ബിലും ഇടംപിടിച്ചു. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് ഓഗസ്റ്റ് 26-ന് റിലീസ് ചെയ്ത 'ടോക്സിക്' ആദ്യദിനം തന്നെ 140 കോടിയോളം നേടി വൻ കുതിപ്പ് തുടരുകയാണ്.