yash-toxic
  • 'സൗന്ദര്യാത്മകമായ രീതിയിലാവണം നിങ്ങള്‍ ചിത്രീകരിക്കേണ്ടത്. ബാക്കി സ്ക്രീനില്‍ നിങ്ങള്‍ കാണുന്നതെല്ലാം സിനിമയുടെ ഇന്ദ്രജാലമാണ്'

റിലീസ് ചെയ്ത് ആഴ്ച പിന്നിട്ടിട്ടും ടോക്സിക് സിനിമയിലെ ബോള്‍ഡ്- ഇന്‍റി​മേറ്റ് രംഗങ്ങളെ ചൊല്ലി സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ തീരുന്നില്ല. ലൈംഗികതയുടെ അതിപ്രസരം ചിത്രത്തിലുണ്ടെന്ന് പലരും ആക്ഷേപവും ഉന്നയിച്ചു. എന്നാല്‍ സിനിമയുടെ റിലീസിന് മുന്‍പ് തന്നെ ചിത്രത്തിലെ രംഗങ്ങളെ കുറിച്ചും അശ്ലീലമെന്ന് പറയപ്പെടുന്ന ഭാഗങ്ങളെ കുറിച്ചുമെല്ലാം തുറന്ന് സംസാരിച്ചിരുന്നു. രജത് ശര്‍മയുടെ ആപ് കി അദാലത്തില്‍ യഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ എക്സ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്​ഫോമുകളില്‍ ചര്‍ച്ചയാകുന്നത്.  Also Read: 'ഗീതു നിസഹായ, പല രംഗങ്ങളും റീഷൂട്ട് ചെയ്തു, ചൂടന്‍ രംഗങ്ങള്‍ തിരുകികയറ്റി'; വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

സിനിമ കാണാന്‍ ആളെക്കൂട്ടുന്നതിനായി അക്രമവും അശ്ലീലവും എളുപ്പവഴിയെന്ന പോലെ ഉപയോഗിക്കുന്നും പക്ഷേ അതേ കാര്യം ജെന്‍ സി ചെയ്താല്‍ കുറ്റപ്പെടുത്തലുണ്ടാകുന്നുവെന്നും പരിപാടിയില്‍ പങ്കെടുത്തവരില്‍ ഒരു യുവതി യഷിനോട് ചോദ്യമുയര്‍ത്തി. അതിന് തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം എക്കാലവും ഉണ്ടായിട്ടുണ്ടെന്നും അത് സാധാരണമാണെന്നും താരം പറ‍ഞ്ഞു. 'പഴയ തലമുറ കരുതുന്നത് പുതിയ തലമുറ കാര്യങ്ങളെ വ്യക്തതയോടെയല്ല സമീപിക്കുന്നതെന്നാണ്. പുതിയ തലമുറയാവട്ടെ, പഴയ തലമുറ ശരിയായ രീതിയിലല്ല പറയുന്നതെന്നും അഭിപ്രായമുള്ളവരാണ്. ലോകം യുവാക്കളുടേതാണ്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്'- യഷ് പറഞ്ഞു. Read More: 'ഞാന്‍ എഴുതുന്നത് ഒന്ന്, ഷൂട്ട് ചെയ്യുന്നത് മറ്റൊന്ന്'; വിമര്‍ശനങ്ങള്‍ക്കിടയില്‍ വൈറലായി ഗീതുവിന്‍റെ വാക്കുകള്‍

കിയാരയുമൊത്തുള്ള തബാഹിയെന്ന പാട്ടിനെ കുറിച്ചും യഷ് വിശദീകരിച്ചു. ' സൗന്ദര്യാത്മകമായ രീതിയിലാവണം നിങ്ങള്‍ ചിത്രീകരിക്കേണ്ടത്. ബാക്കി സ്ക്രീനില്‍ നിങ്ങള്‍ കാണുന്നതെല്ലാം സിനിമയുടെ ഇന്ദ്രജാലമാണ്. അതിന് പിന്നിലൊരു സൃഷ്ടിപരമായ ശബ്ദമുണ്ട്. സിനിമ ഒരു ലക്ഷ്യത്തോടെയാണ് ചെയ്യുന്നത്. അത് അതില്‍ വികാരം ഒരുപാടൊരുപാട് പ്രാധാന്യമര്‍ഹിക്കുന്നതാണ്' -യഷ് തുടര്‍ന്നു. 

അതേസമയം, ചിത്രത്തില്‍ അശ്ലീല പ്രദര്‍ശനമുണ്ടെന്ന വാദം യഷ് തള്ളി. ' അശ്ലീല പ്രദര്‍ശനം തെറ്റാണ്. ചിത്രത്തില്‍ ഞാന്‍ ചുംബിച്ചിട്ടു പോലുമില്ല'- യഷിന്‍റെ ഈ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. അതേസമയം വിവാദം കൊഴുക്കുന്നതിനിടെ യഷിനെ പരസ്യമായി പിന്തുണച്ച് അമ്മ പുഷ്പ അരുണ്‍കുമാര്‍ രംഗത്തെത്തി. കെജിഎഫിന് മുന്‍പ് യഷ് ആരായിരുന്നുവെന്ന അല്ലു അരവിന്ദിന്‍റെ പഴയ പരാമര്‍ശത്തെ സൂചിപ്പിച്ചായിരുന്നു പുഷ്പയുടെ വാക്കുകള്‍. 'കെജിഎഫിന് മുന്‍പ് അഞ്ച് ബാക് ടു ബാക് ഹിറ്റുകള്‍ യഷിന്‍റേതായി ഇന്‍ഡസ്ട്രിയില്‍ വന്നു. യഷ് ഒരു സാധാരണക്കാരനാണെങ്കില്‍, ആരുമല്ലെങ്കില്‍ നിങ്ങള്‍ ഭയക്കുന്നതെന്തിനാണ്? അവന്‍ ഒരു ഭീകരവാദിയൊന്നും അല്ല. കെജിഎഫിന് മുന്‍പ് യഷ് ആരായിരുന്നുവെന്ന് ചോദിക്കേണ്ട ആവശ്യമില്ല. നല്ല സിനിമകളില്‍ യഷ് എക്കാലവും വിശ്വസിച്ചിരുന്നു. ചിലരെയൊക്കെ പോലെ സമ്പത്തിന് നടുവിലേക്കല്ല യഷ് ജനിച്ചു വീണത്. ബസ് ഡ്രൈവറുടെ മകനായി ജനിച്ച് സ്വപ്രയത്നം കൊണ്ട് ഉയര്‍ന്ന് വന്നവനാണ്. ഒരമ്മയെന്ന നിലയില്‍ എനിക്ക് അവനെയോര്‍ത്ത് അഭിമാനമുണ്ട്'- പുഷ്പ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ്' യഷും വെങ്കട് നാരായണയും ചേര്‍ന്നാണ് നിര്‍മിച്ചത്.  നയന്‍താര, ഹുമ ഖുറേഷി, കിയാര, താര സുതാരിയ, രുക്മിണി വാസന്ത് തുടങ്ങി സൂപ്പര്‍താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ ലഭിച്ചത്. 214 കോടി ഇന്ത്യയില്‍ നിന്നും 255.95 കോടി രാജ്യാന്തര തലത്തിലും ചിത്രം കലക്ഷന്‍ നേടി.

ENGLISH SUMMARY:

Actor Yash addressed the ongoing social media debate surrounding bold intimate scenes in his film Toxic: A Fairy Tale for Grown-ups, clarifying that the movie contains no vulgarity and that he didn't even share a kiss on screen. Responding to criticisms during an appearance on Aap Ki Adalat, Yash emphasized that the depiction was purely artistic and rooted in storytelling, while noting that generational differences often shape views on cinema. Meanwhile, Yash's mother, Pushpa Arunkumar, publicly defended him against industry detractors by highlighting his self-made journey from a bus driver's son to a pan-India star. Directed by Geetu Mohandas, the ensemble film garnered mixed audience reviews while achieving significant box-office returns globally.