Image: instagram.com/major_rs_sambyal
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനൊപ്പം ഔദ്യോഗിക ചടങ്ങുകളിലും വിദേശ പര്യടനങ്ങളിലും നിഴല്‍ പോലെ അനുഗമിച്ചിരുന്ന ഉദ്യോഗസ്ഥന്‍. സോഷ്യൽ മീഡിയയിൽ വൈറാലാണ് രാഷ്ട്രപതിയുടെ മുൻ എയ്ഡ്-ഡി-ക്യാമ്പ് (എ.ഡി.സി) മേജർ ഋഷഭ് സിങ് സാംബ്യാൽ. രാഷ്ട്രപതിക്കൊപ്പമുള്ള മേജർ ഋഷഭിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ചിരുന്നു. രാഷ്ട്രപതിയുടെ കണ്ണുനിറഞ്ഞാല്‍ തൂവാല നീട്ടുന്ന, മഴയത്ത് കുട പിടിച്ചു കൊടുക്കുന്ന കരുതല്‍. ആ കരുതലും ഗാംഭീര്യവും നെറ്റിസണ്‍സ് ഏറ്റെടുക്കുകയായിരുന്നു. മേജർ ഋഷഭും രാഷ്ട്രപതിയും തമ്മിലുള്ള ബന്ധം ഒരു അമ്മ– മകന്‍ ബന്ധം പോലെ സുന്ദരമാണെന്നും സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചിരുന്നു.
അതുമാത്രമല്ല, അദ്ദേഹത്തിന്‍റെ വ്യക്തിത്വം, അച്ചടക്കം, രാഷ്ട്രപതിയോടുള്ള ബഹുമാനം എന്നിവയും വ്യാപകമായ പ്രശംസ നേടിയിട്ടുണ്ട്. കൂടാതെ ഋഷഭ് സിങ്ങിന്റെ മുഖഭാവവും പഴയ ബോളിവുഡ് താരങ്ങളെ പോലുള്ള ലുക്കും ഫിറ്റ്നസും അദ്ദേഹത്തിന് ധാരാളെ ആരാധകരെ നേടിക്കൊടുത്തു. ഇന്ത്യയുടെ ‘നാഷണൽ ക്രഷ്’ ആയി അദ്ദേഹം മാറി. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം സൈന്യത്തിൽ നിന്ന് സ്വമേധയാ വിരമിച്ചിരിക്കുകയാണ്. 12 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സൈനിക യൂണിഫോം അഴിച്ചുവെച്ചത്. വിരമിക്കൽ നടപടികൾ പൂർത്തിയായ ശേഷം ഓഗസ്റ്റ് 21-ന് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
തന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് ഉയർന്ന അഭ്യൂഹങ്ങൾക്ക് അദ്ദേഹം തന്നെ ഇൻസ്റ്റാഗ്രാം ലൈവിലൂടെ മറുപടി നൽകിയിട്ടുണ്ട്. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണ് സൈന്യത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതെന്നും ഈ തീരുമാനത്തിന് കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക യൂണിഫോം അണിയുക എന്നത് തന്റെ കുട്ടിക്കാലത്തെ സ്വപ്നമായിരുന്നുവെന്നും, അത് ഇത്ര നേരത്തെ അഴിച്ചുവെക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിലെ ചില സാഹചര്യങ്ങൾ ഒരു വ്യക്തിയെ കഠിനമായ തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെയും ജീവിതത്തിൽ അവരുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്ന സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം താന്‍ സൈന്യത്തില്‍ നിന്നും വിരമിച്ച് രാജ്യം വിട്ട് വിദേശത്തേക്ക് ചേക്കേറുകയാണെന്ന പ്രചരണം തെറ്റാണെന്നും വ്യക്തമാക്കി. ഇന്ത്യയിൽ തന്നെ തുടർന്ന് രാജ്യത്തിനായി സംഭാവനകൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരാണ് മേജർ ഋഷഭ് സിങ് സാംബ്യാൽ?
ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ നിന്നുള്ള ഡോഗ്ര രാജ്പുത് കുടുംബാംഗമാണ് മേജർ ഋഷഭ്. 2013-ൽ എൻ.ഡി.എ പരീക്ഷ വിജയിച്ച് സൈന്യത്തിലേക്ക്. ജാട്ട് റെജിമെന്റിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 2021-ലെ റിപ്പബ്ലിക് ദിന പരേഡിൽ മികച്ച മാർച്ചിങ് കൺടിൻജന്റ് ട്രോഫി നേടിയ സംഘത്തെ നയിക്കുകയും ചെയ്തു. പിന്നീട് കരസേനയിലെ അതിവിശിഷ്ട കമാൻഡോ വിഭാഗമായ 4 പാരാ സ്പെഷൽ ഫോഴ്സിന്റെ ഭാഗമാവുകയും 'ബലിദാൻ ബാഡ്ജ്' നേടുകയും ചെയ്തു. 2024-ലാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ എ.ഡി.സി ആയി ചുമതലയേറ്റത്.