സൗത്ത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു ഗോൾഡൻ മന്ത്! സൗത്തിലെ നാല് പ്രധാന സിനിമാ ഇൻഡസ്ട്രികളും ഒരേ മാസം ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബിലേക്ക് സിനിമകളെ എത്തിച്ച ഒരു അപൂർവ നേട്ടം. സമീപകാലത്തൊന്നും ഇങ്ങനെയൊരു ഗോൾഡൻ ഓഗസ്റ്റ് ഉണ്ടായിട്ടില്ല. ഒരുപക്ഷേ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും നാല് പ്രധാന ഇൻഡസ്ട്രികളിൽ നിന്നുള്ള സിനിമകൾ 30 ദിവസത്തിനുള്ളിൽ ലോകമെമ്പാടുമായി 200 കോടിയിലധികം ഗ്രോസ് നേടുന്നത്.
Viswanath and sons
ഓഗസ്റ്റിൽ സൗത്ത് ഇന്ത്യൻ സിനിമ ബോക്സ് ഓഫീസ് ഭരിച്ചത് എങ്ങനെയെന്ന് നോക്കാം. ആദ്യം കളം നിറഞ്ഞത് തമിഴകത്തിന്റെ വിജയ് ആയിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് നായകനായി എത്തിയ അവസാന ചിത്രമായ 'ജന നായകൻ' ഓഗസ്റ്റോടെ 300 കോടി ക്ലബ്ബ് കടന്നു. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുക്കിയത്. ആ കണക്കിൽ നോക്കുമ്പോൾ ചിത്രം നേടിയത് ശരാശരി വിജയമാണ്.
പിന്നാലെ സൂര്യയുടെ 'വിശ്വനാഥ് ആൻഡ് സൺസ്'. ഓഗസ്റ്റ് 14ന് റിലീസ് ചെയ്ത ചിത്രം വെറും പത്ത് ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിലെത്തി. 'ലക്കി ഭാസ്കർ' ഒരുക്കിയ വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്തത്. മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
Toxic; A fairy tale for grown ups
അടുത്തത് കന്നഡ സിനിമയുടെ ഊഴം. യഷ് നായകനായ 'ടോക്സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ-അപ്സ്' ഓഗസ്റ്റ് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. നാല് വർഷത്തിന് ശേഷം യഷ് തിരിച്ചെത്തുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. നയൻതാര, കിയാര അദ്വാനി, രുക്മിണി വസന്ത്, താര സുതാരിയ തുടങ്ങി വൻ താരനിരയും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. എന്നാൽ ഏകദേശം 500 കോടിയിലേറെ ബജറ്റുള്ള ചിത്രത്തിന് ഇതുവരെയുള്ള കളക്ഷൻ 300 കോടി മാത്രമായതിനാൽ, ബോക്സ് ഓഫീസ് വിജയത്തിന്റെ കാര്യത്തിൽ 'ടോക്സിക്കി'ന് ഇനിയും മുന്നേറാനുണ്ട്.
തെലുങ്കിൽ നിന്ന് രവി തേജയുടെ 'ഇരുമുടി'യും 200 കോടി ക്ലബ്ബിലെത്തി. ശബരിമലയിലേക്ക് പോകുന്ന അച്ഛന്റെയും മകളുടെയും കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് ശിവ നിർവാണയാണ്. ചിത്രത്തിലെ സ്വാസികയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇനി, ലാസ്റ്റ് ബട്ട് നോട്ട് ദ ലീസ്റ്റ്... മലയാള സിനിമയുടെ എൻട്രി! നിവിൻ പോളി–ഗിരീഷ് എ.ഡി കൂട്ടുകെട്ടിൽ എത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി മാറി. 'ഖലീഫ', 'ഐ ആം ഗെയിം' തുടങ്ങിയ ചിത്രങ്ങളിൽ നിന്നുള്ള ശക്തമായ മത്സരമുണ്ടായിട്ടും ആദ്യദിനം തന്നെ ആഗോളതലത്തിൽ 16 കോടി നേടിയ ചിത്രം ഇതുവരെ 238 കോടിയോളം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.
ഈ ഗോൾഡൻ ഓഗസ്റ്റിലെ എല്ലാ കോടി ക്ലബ്ബ് ചിത്രങ്ങളിലേയും മലയാളി സാന്നിധ്യവും ശ്രദ്ധേയമാണ് പ്രത്യേകിച്ച് മമിത ബൈജു. വെറും 50 ദിവസത്തിനിടെ മമിത അഭിനയിച്ച മൂന്ന് സിനിമകളാണ് 200 കോടി ക്ലബ്ബിലെത്തിയത്. ഇതോടെ സൗത്ത് ഇന്ത്യൻ സിനിമയുടെ പുതിയ ലക്കി ചാം എന്ന വിശേഷണത്തിലേക്കാണ് മമിത ബൈജു എത്തുന്നത്. നാല് ഇൻഡസ്ട്രികളും ഒരേ സമയം ബോക്സ് ഓഫീസിൽ കരുത്ത് തെളിയിച്ച അപൂർവ നേട്ടം, സൗത്ത് ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ ഓഗസ്റ്റ്, 2026 ഒരു ഗോൾഡൻ ചാപ്റ്ററായി മാറുകയാണ്.