അനാവശ്യ കാര്യങ്ങളില്‍ തലയിടരുതെന്ന് പറഞ്ഞാല്‍ പഠിക്കില്ല. അവസാനം തലയിട്ട് കുടുങ്ങും. എന്ത് മണ്ടത്തരം സംഭവിച്ചാലും അത് അതേപടി ട്രൈ ചെയ്ത് നോക്കുന്ന ഒരു ചങ്കും ഉണ്ടെങ്കില്‍ ഭേഷ്. അതാണ് ചൈനയിലെ ചോങ്‍ക്വിങ് പ്രവിശ്യയിലെ ആശുപത്രിയില്‍ രണ്ട് സുഹൃത്തുക്കള്‍ക്ക് സംഭവിച്ചത്. ആശുപത്രിയിലെ ബെഞ്ചിലെ കൈവരിയില്‍ തലയിട്ട് കുടുങ്ങിയ രണ്ട് സുഹൃത്തുക്കളുടെ വിഡിയോ ആണ് ചൈനയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
തല കുടുങ്ങിയ യുവാവ് തല കൈവരിയില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. തല തിരിച്ചും മറിച്ചും ബെഞ്ചില്‍ കിടന്ന് ഉരുണ്ടും യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടയിലാണ് യുവാവിന്‍റെ സുഹൃത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെടുന്നത്. യുവാവിന്‍റെ തല കുടുങ്ങിയ രീതി ആകെ നിരീക്ഷിക്കുന്ന യുവാവ് യുവാവിന്‍റെ തല തിരിച്ചും മറിച്ചും എല്ലാം നോക്കുന്നുണ്ട്. ഇതിനിടെ മറ്റൊരാളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. തുടര്‍ന്ന് ഇരുവരും യുവാവിന്‍റെ കാല് പിടിച്ച് വലിക്കുന്നതും ബെഞ്ച് വലിഞ്ഞ് വരുന്നതും കാണാം.
സംഭവത്തിന്‍റെ ഗുരുതരാവസ്ഥ മനസിലാക്കിയ സുഹൃത്ത് തല കൈവരിക്കുള്ളില്‍ കുടുങ്ങിയാല്‍ എങ്ങനെ പുറത്തെടുക്കാമെന്ന് പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. പരീക്ഷണത്തിനായി വേറാരുടെയും തല കിട്ടാത്തതിനാല്‍ സ്വന്തം തല തന്നെയായിരുന്നു പരീക്ഷണവസ്തുവാക്കി ഉപയോഗിച്ചത്.
എന്നാല്‍ തലയിട്ട് നടത്തിയ പരീക്ഷണം തലച്ചോറില്ലായ്മ പോലത്തെ അവസ്ഥയായി മാറാന്‍ അധികം സമയം വേണ്ടിവന്നില്ല. സുഹൃത്തിന്‍റെ തലയും കുടുങ്ങി. ഇരുവരും ബെഞ്ചിന്‍റെ രണ്ട് വശത്തിരുന്നും തല വലിച്ചെടുക്കാന്‍ ശ്രമിക്കുന്ന വിഡിയോ ചിരിപടര്‍ത്തുന്നതാണ്. അവസാനം ഇരുവരും ഐക്യത്തോടെ ബെഞ്ച് തല കുടുങ്ങിയ അവസ്ഥയില്‍ തന്നെ വലിച്ച് കൊണ്ടുപോകുന്നത് കാണാം. തുടര്‍ന്ന് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബെഞ്ചിലെ കൈവരി അയച്ച് ഇരുവരെയും രക്ഷിച്ചത്.