Image Credit:X
സ്കൂളിലെ കന്‍റീനില്‍ നിന്ന് ആലൂ പേട്ടീസ് വാങ്ങിക്കഴിച്ചതിന് പിന്നാലെ 17കാരന്‍ കുഴഞ്ഞ് വീണു മരിച്ചു. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥിയായ പ്രിന്‍സ് സോണിയാണ് മരിച്ചത്. വിദ്യാര്‍ഥി കുഴഞ്ഞു വീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും കുഴഞ്ഞ് വീണ മകനെ യഥാസമയം ആശുപത്രിയിലെത്തിച്ചില്ലെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. പ്രിന്‍സ് നടന്നു നീങ്ങുന്നതിനിടെ പെട്ടെന്ന് നില്‍ക്കുകയും ടീച്ചര്‍മാരിലൊരാളെ നോക്കുന്നതും നിലത്തേക്ക് വീഴുന്നതും വിഡിയോയില്‍ കാണാം. ഓടിയെത്തിയ അധികൃതര്‍ പ്രിന്‍സിനെ ക്ലാസ് മുറിയിലേക്ക് എടുത്തുകൊണ്ടുപോയി. ശേഷം പ്രിന്‍സിന് അധ്യാപകരിലൊരാള്‍ സിപിആര്‍ നല്‍കി. വീട്ടുകാരെയും വിവരമറിയിച്ചു.
സ്കൂളിലെ ഭക്ഷ്യയോഗ്യമല്ലാത്ത ആലൂ പേട്ടീസാണ് മകന്‍റെ ജീവനെടുത്തതെന്നും 45 മിനിറ്റിനുള്ളില്‍ ആശുപത്രിയിലെത്തിക്കാന്‍ കഴിയുമായിരുന്നിട്ടും അധികൃതര്‍ തയാറായില്ലെന്നും പ്രിന്‍സിന്‍റെ മാതാപിതാക്കള്‍ ആരോപിച്ചു. വീട്ടുകാരെത്തിയാണ് പ്രിന്‍സിനെ ആശുപത്രിയിലേക്ക് മാറ്റിയത്. രാവിലെ 11 മണിയോടെ സ്കൂളില്‍ നിന്ന് ഫോണ്‍ സന്ദേശമെത്തിയെന്നും പ്രിന്‍സിന് സുഖമില്ലാത്തതിനാല്‍ വേഗം എത്തണമെന്ന് പറഞ്ഞുവെന്നും കുടുംബം പറയുന്നു.
'ഞാന്‍ സ്കൂളിലേക്ക് എത്താന്‍ 35 മിനിറ്റ് സമയം പിടിക്കുമായിരുന്നു. അതുകൊണ്ട് സുഹൃത്തുക്കളെയും ബന്ധുവിനെയും വിളിച്ച് ഒന്ന് സ്കൂളിലേക്ക് വേഗം എത്താന്‍ ആവശ്യപ്പെട്ടു. വയ്യെന്ന് ടീച്ചര്‍ പറഞ്ഞപ്പോള്‍ വയറുവേദനയാകുമെന്നേ ഞാന്‍ കരുതിയുള്ളൂ. അഞ്ച് മിനിറ്റിനുള്ളില്‍ സ്കൂളില്‍ നിന്ന് രണ്ടുവട്ടം വീണ്ടും വിളിച്ചു. മൂന്നാമതും വിളിച്ചപ്പോള്‍ അവിടേക്ക് സുഹൃത്ത് വരുന്നുണ്ടെന്ന് പറഞ്ഞു. ഏത് വണ്ടിയിലാണ് വരുന്നതെന്നായിരുന്നു ടീച്ചറുടെ ചോദ്യം. ബൈക്കിലാണെന്ന് പറഞ്ഞപ്പോള്‍, കാര്‍ കൊണ്ടുവരൂ, പ്രിന്‍സ് ബോധരഹിതനാണ് എന്ന് പറഞ്ഞു. സ്കൂളിലേക്ക് ഞാന്‍ പാഞ്ഞെത്തി. വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു'- അമിത് പറയുന്നു.
കുട്ടി ബോധരഹിതനായിട്ടും ടീച്ചര്‍മാര്‍ ഗൗരവമായി കാണാതിരുന്നത് ശരിയായില്ലെന്നും വീട്ടിലേക്ക് വിളിച്ചുകൊണ്ടിരുന്ന നേരത്ത് ആശുപത്രിയിലെത്തിക്കുകയല്ലേ വേണ്ടത്? സ്കൂളിന് ഒരുത്തരവാദിത്തവുമില്ലേയെന്നും അമിത് ചോദ്യമുയര്‍ത്തുന്നു. സ്കൂളിലെത്തി മകനെ കാണുമ്പോള്‍ കൈയും മുഖവും തണുത്ത് നീല നിറത്തിലാണിരുന്നതെന്നും പ്രിന്‍സിന്‍റെ അമ്മ വെളിപ്പെടുത്തി. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.