സംസ്ഥാനത്തെ എംഎൽഎമാർക്കായി വൻ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. എല്ലാ എംഎൽഎമാർക്കും അവരവരുടെ മണ്ഡലങ്ങൾ യാത്ര ചെയ്യാനായി കാറുകൾ നൽകുമെന്ന് വിജയ് പ്രഖ്യാപിച്ചു. ഒപ്പം ഡ്രൈവറുടെ ശമ്പളത്തിനും വാഹനവുമായി ബന്ധപ്പെട്ട ചെലവുകൾക്കുമായി പ്രതിമാസം 75,000 രൂപയും പ്രഖ്യാപിച്ചു.
ഓരോ എംഎൽഎയുടെയും ഓഫിസിൽ ഒരു സഹായിയെ നിയമിക്കുന്നതിന് സർക്കാർ പ്രതിമാസം 25,000 രൂപ അധികമായും നൽകും. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എംഎൽഎമാർക്ക് അവരുടെ മണ്ഡലങ്ങളിൾ പതിവായി യാത്ര ചെയ്യണം. ആവശ്യമായ വാഹന സൗകര്യത്തെ ഇല്ലാതെ എംഎൽഎമാർക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് വിസികെ എംഎൽഎ ജ്യോതിമണി പറഞ്ഞിരുന്നു.
മുനിസിപ്പൽ, യൂണിയൻ ചെയർപേഴ്‌സൺമാർ, മേയർമാർ, ഡെപ്യൂട്ടി മേയർമാർ എന്നിവർക്ക് മാത്രമേ സർക്കാർ വാഹനങ്ങൾ തമിഴ്‌നാട്ടിൽ നൽകുന്നുള്ളൂ. എംഎൽഎമാർക്ക് അതേ സൗകര്യം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് എംഎൽഎമാര്‍ക്ക് കാര്‍ നല്‍കുന്നത്. കൂടാതെ, സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി 351 കോടി രൂപ പ്രഖ്യാപിച്ചു. ഏഴ് പുതിയ സർക്കാർ നഴ്‌സിംഗ് കോളജുകളും സർക്കാർ സ്ഥാപിക്കും.
മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്കുള്ള വാർഷിക പരിധി 5 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയായി ഉയർത്താനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ചെന്നൈ സ്റ്റാൻലി, തിരുനെൽവേലി, തൂത്തുക്കുടി, ചെങ്കൽപ്പട്ട്, തിരുവാരൂർ, കരൂർ, കന്യാകുമാരി എന്നിവിടങ്ങളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി അധിക മെഡിക്കൽ, ശസ്ത്രക്രിയാ സേവനങ്ങളും ഈ പദ്ധതിക്ക് കീഴിൽ നൽകും.