തെന്നിന്ത്യൻ താരസുന്ദരി തൃഷ കൃഷ്ണൻ അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിൽ കരാർ ഒപ്പിട്ടിട്ടുള്ള സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം താരം അഭിനയത്തില്‍ നിന്ന് താത്കാലികമായി മാറിനിൽക്കുമെന്നാണ് സൂചന. നിർമാണ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിര്‍മാണത്തില്‍ മാത്രമായിരിക്കില്ല മറിച്ച് രാഷ്ട്രീയത്തിലേക്കും കൂടെ സജീവമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  എന്നാൽ ഇതുമായി ബന്ധപ്പെട്ട് തൃഷ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മധുരയിൽ തൃഷയുടെ ആരാധക കൂട്ടായ്മയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് താരം രാഷ്ട്രീയത്തിൽ സജീവമാകുന്നു എന്ന അഭ്യൂഹങ്ങൾ തുടങ്ങിയത്. ഇതിനുപിന്നാലെയാണ് അഭിനയം നിർത്തുന്നു എന്ന വാർത്തകളും പ്രചരിക്കുന്നത്.

കഴിഞ്ഞ കുറച്ചുനാളുകളായി തമിഴ്‌നാട് രാഷ്ട്രീയവുമായി ബന്ധപ്പെട്ടും തൃഷ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും സ്വാതന്ത്ര്യദിനാഘോഷങ്ങളിലും തൃഷയുടെ സാന്നിധ്യം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കൂടാതെ, വിജയ് ഒഴിഞ്ഞ തൃച്ചി ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ തൃഷ മത്സരിച്ചേക്കുമെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

എന്നാൽ നേരത്തെ ഒരു അഭിമുഖത്തിൽ മരണം വരെ താൻ അഭിനയരംഗത്തുണ്ടാകുമെന്ന് തൃഷ വ്യക്തമാക്കിയിരുന്നതാണ്. അതേസമയം സൂര്യ നായകനായ കറുപ്പിലാണ് തൃഷ അവസാനമായി അഭിനയിച്ച ചിത്രം. അരവിന്ദ് സ്വാമിക്കൊപ്പമുള്ള ചിത്രമാണ് തൃഷയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ചിരഞ്ജീവിക്കൊപ്പമുള്ള വിശ്വംഭര എന്ന തെലുങ്ക് സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.