• ഉപതിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന്‍റെ അവസാന ദിനമായ ഇന്ന് ടിഎംകെയുടെ പ്രചാരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ പ്രസിഡന്റുമായ വിജയ് നടത്തിയ കാളവണ്ടി യാത്രയാണ് ഇപ്പോള്‍ സൈബറിടങ്ങളില്‍ നിറയുന്നത്

തമിഴ്‌നാട് വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. ഉപതിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന്‍റെ അവസാന ദിനമായ ഇന്ന് ടിഎംകെയുടെ പ്രചാരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ പ്രസിഡന്റുമായ വിജയ് നടത്തിയ കാളവണ്ടി യാത്രയാണ് ഇപ്പോള്‍ സൈബറിടങ്ങളില്‍ നിറയുന്നത്. ധാരാപുരത്തെ റോഡ് ഷോയ്ക്കിടെയാണ് വിജയ് കാളവണ്ടിയിൽ യാത്രചെയ്ത് വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ഥിച്ചത്. 

ടിവികെയുടെ സ്ഥാനാര്‍ത്ഥിയായി പി. സത്യഭാമയാണ് ധാരാപുരത്ത് മല്‍സരിക്കുന്നത്. സത്യഭാമയെ പിന്തുണച്ച് നിയമസഭാ മണ്ഡലത്തിൽ വിജയ് ഇന്ന് നടത്തിയ റോഡ് ഷോയിലാണ് കൗതുകമുണര്‍ത്തുന്ന സംഭവങ്ങള്‍ നടന്നത്. ധാരാപുരം, മധുരാന്തകം മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ ആറിനാണ് നടക്കുക. വോട്ടെണ്ണൽ ഒന്‍പതിനും. 

റിപ്പോര്‍ട്ട് പ്രകാരം ഹെലികോപ്റ്ററിലാണ് വിജയ് ധാരാപുരത്തേക്ക് എത്തിയത്. പാർട്ടി ജനറൽ സെക്രട്ടറിയും ജലവിഭവ മന്ത്രിയുമായ എൻ. ആനന്ദ്, റവന്യൂ മന്ത്രി കെ‌.എ സെങ്കോട്ടയ്യൻ എന്നിവരുൾപ്പെടെയുള്ളവര്‍ ചേര്‍ന്നാണ് വിജയ്​യെ ധാരാപുരത്ത് സ്വീകരിച്ചത്. സെപ്റ്റംബർ 30ന് നടന്ന റാലിക്ക് ശേഷം മണ്ഡലത്തിലേക്കുള്ള വിജയ്​യുെട രണ്ടാമത്തെ സന്ദർശനമായിരുന്നു ഇത്. 

നിലവില്‍ മധുരാന്തകത്തും ധാരാപുരത്തും പൊതുസമ്മേളനങ്ങളില്‍ വിജയ് പങ്കെടുത്തിരുന്നു. കഴിഞ്ഞദിവസം മധുരാന്തകത്തെ റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു ടിവികെയ്ക്ക്. ധാരാപുരത്തെ ടിവികെ സ്ഥാനാര്‍ഥിയെ സ്റ്റാലിന്‍ അപമാനിച്ച് സംസാരിച്ചെന്ന ആരോപണം ടിവികെ ആളിക്കത്തിക്കും. പരാമര്‍ശത്തില്‍ സ്റ്റാലിനെതിരെ ടിവികെ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.

മറുവശത്ത് ഇന്നലെ മധുരാന്തകത്ത് പ്രചാരണം നടത്തിയ സ്റ്റാലിന്‍ കലാശക്കൊട്ടിലും സജീവമാണ്. വിജയ്‌ക്കെതിരെ പരിഹാസ കമന്‍റുകള്‍ ആവര്‍ത്തിക്കുന്ന ഉദയനിധിയും ഇന്ന് പ്രചാരണ മുഖത്തുണ്ടാകും. അണ്ണാഡിഎംകെ കോട്ടകള്‍ കാക്കാന്‍ പതിനെട്ടടവും പയറ്റി നില്‍ക്കുന്ന എടപ്പാടി പളനിസാമിയും സംഘവും വീടുവീടാന്തരം പ്രചാരണം നടത്തും. അതേസമയം ടിവികെ വോട്ടിന് നോട്ട് കൊടുക്കുന്നെന്നാണ് പ്രചാരണത്തില്‍ ഇടത് പാര്‍ട്ടികള്‍ ആരോപിക്കുന്നത്. 

ENGLISH SUMMARY:

Tamil Nadu is buzzing with election fervor as Thalapathy Vijay's Kalavandi Yatra in Dhirapuram for the by-election is gaining significant attention online. This unique campaigning method highlights the intense political activity surrounding the Dhirapuram and Madhuranthakam constituencies.