എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ബോർഡിങ് സ്കൂളില്‍, 'പ്രേതഭീതി'യെ തുടർന്ന് ഹോസ്റ്റൽ വിട്ട് നാട്ടിലേക്ക് മടങ്ങിയത് അറുന്നൂറോളം വിദ്യാർത്ഥികൾ. 345 പെൺകുട്ടികളും 263 ആൺകുട്ടികളും ഉൾപ്പെടെ ആകെ 608 വിദ്യാർഥികളാണ് ഹോസ്റ്റലിൽ നിന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങിയത്. വിദ്യാർഥികൾക്കിടയിൽ ഉണ്ടായ പരിഭ്രാന്തിയെത്തുടർന്നാണ് അസാധാരണ സംഭവം അരങ്ങേറിയത്.

ഹോസ്റ്റലിനുള്ളിൽ നിന്ന് ചില കുട്ടികള്‍ ചില അസാധാരണ ശബ്ദങ്ങൾ കേട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചില പെൺകുട്ടികളാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ഹോസ്റ്റലിനുള്ളിൽ നിന്ന് ചിലങ്കകളുടെ ശബ്ദവും ചിരിയും കരച്ചിലും കേൾക്കുന്നുണ്ടെന്നായിരുന്നു ഇവരുടെ അവകാശവാദം. ഇതോടെ വിദ്യാർഥികൾക്കിടയിൽ ഭീതി ഉണ്ടാകുകയും, ഇത് കാട്ടുതീ പോലെ പടരുകയുമായിരുന്നു. പിന്നാലെയായിരുന്നു കൂട്ടപലായനം.

എന്നാല്‍ സംഭവത്തിൽ വിശദീകരണവുമായി സ്കൂൾ അധികൃതരും രംഗത്തെത്തി. കുട്ടികൾക്ക് ഉണ്ടായ അനുഭവങ്ങൾ പ്രേതബാധയല്ലെന്നും കടുത്ത മാനസിക സമ്മർദത്തെ തുടര്‍ന്നുണ്ടാകുന്ന 'മാസ് ഹിസ്റ്റീരിയ' (Mass Hysteria) എന്ന അവസ്ഥയാണെന്നും സ്കൂൾ ഹെഡ്മാസ്റ്റർ സഞ്ജയ് ചൗധരി വ്യക്തമാക്കി. ചില പെൺകുട്ടികൾ അസാധാരണ ശബ്ദങ്ങൾ കേൾക്കുന്നതായി പരാതിപ്പെട്ടപ്പോൾ തന്നെ ഈ വിദ്യാർഥികളെ മാനസികാരോഗ്യ വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും ഇത് ഒരു മാനസികാവസ്ഥയാണെന്നും ഭയപ്പെടാനൊന്നുമില്ലെന്നുമാണ് ഡോക്ടർമാർ  പറഞ്ഞതെന്നുമാണ് ഹെഡ്മാസ്റ്റർ വ്യക്തമാക്കിയത്. ഇത് പ്രേതബാധയോ അമാനുഷിക സംഭവങ്ങളോ അല്ലെന്നും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവസ്ഥയാണെന്നും പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥനായ അഭിഷേക് നായിഡുവും വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് വ്യാജപ്രചാരണങ്ങൾ നടത്തരുതെന്നും രക്ഷിതാക്കളും വിദ്യാർഥികളും പരിഭ്രാന്തരാകേണ്ടതില്ലെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. കുട്ടികളുടെയും രക്ഷിതാക്കളുടേയും ആശങ്കകൾ പരിഹരിക്കാൻ സ്കൂൾ അധികൃതരും മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമ്മൂലൻ സമിതിയും ചേർന്ന് കൗൺസിലിങ് നൽകി വരികയാണ്. വിദ്യാർത്ഥികളുടെ പഠനം മുടങ്ങാത്ത രീതിയിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുമെന്നും അധികൃതർ ഉറപ്പുനൽകി.

ENGLISH SUMMARY:

Around 608 students at a government boarding school in Amravati, Maharashtra, abandoned their hostels following widespread panic triggered by claims of supernatural incidents. Students reported hearing strange noises like ankle bells and crying, leading to an immediate mass exodus from the premises. However, school authorities and health officials clarified that the phenomenon is not supernatural but a case of mass hysteria resulting from mental stress. Counseling is currently being provided by the school administration and local anti-superstition groups to address the concerns of parents and students.