ഹൈദരാബാദിലെ നാല്‍സര്‍ (NALSAR) ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളില്‍ ഒരാള്‍ പോലും അഭിഭാഷകരായി എന്റോള്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രഖ്യാപനത്തിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് മിശ്ര. അനാവശ്യ നടപടിയാണ് ബാര്‍ കൗണ്‍സിലിന്‍റേതെന്നും ഇത് വിദ്യാര്‍ഥികളും താനുമായുള്ള വിഷയമാണെന്നും സൂര്യകാന്ത് വ്യക്തമാക്കി. 'തീര്‍ത്തും അനാവശ്യമാണത്. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഞാനും സജീവമായി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ആളാണ്. ഇത് ഞാനും വിദ്യാര്‍ഥികളും തമ്മിലുള്ള സംസാരമാണ്. ബാര്‍ കൗണ്‍സിലിന് എന്താണിതില്‍ കാര്യം?' – ജസ്റ്റിസ് സൂര്യകാന്ത് ചോദ്യമുയര്‍ത്തി. Also Read: 'ബിരുദം തരാന്‍ ചീഫ് ജസ്റ്റിസ് ഈ പരിസരത്ത് വരേണ്ടതില്ല'! ബഹിഷ്കരണ മുന്നറിയിപ്പുമായി വിദ്യാര്‍ഥികള്‍
സര്‍വകലാശാലയിലെ 2026 ബാച്ചിലെ വിദ്യാര്‍ഥികളില്‍ ഒരാളെ പോലും എന്റോള്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളിലെ ബാര്‍ കൗണ്‍സിലുകള്‍ക്ക് കഴിഞ്ഞ ദിവസം നോട്ടിസ് നല്‍കിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിെന ബഹിഷ്കരിക്കാനുള്ള ക്യാംപെയിന് തുടക്കമിട്ടതാരാണെന്ന് വിസിയോടും കൗണ്‍സില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇത് വിവാദമായതോടെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് സുപ്രീം കോടതി വിശദീകരണം തേടി. ഒരുത തരത്തിലുമുള്ള ശിക്ഷാനടപടികള്‍ വിദ്യാര്‍ഥികള്‍ക്കെതിരെയോ ഫാക്കല്‍റ്റിക്കെതിരെയോ സ്വീകരിക്കാന്‍ പാടില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ 2026 ബാച്ചിലെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും നിരപരാധികളാണെന്നും അവര്‍ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അപമാനിക്കാനോ ബഹിഷ്കരിക്കാനോ നീക്കമില്ലായിരുന്നുവെന്നും വ്യക്തമാക്കി സര്‍ക്കുലര്‍ ബാര്‍ കൗണ്‍സില്‍ പിന്‍വലിക്കുകയും ചെയ്തു.
ബാര്‍ കൗണ്‍സിലിന്‍റെ നീക്കം നിയമവിരുദ്ധവും മര്യാദയ്ക്ക് നിരക്കാത്തതുമാണെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷനും പ്രതികരിച്ചിരുന്നു. രാജ്യത്തെ ഭരണഘടനാ സ്ഥാപനത്തോട് വിയോജിപ്പ് കാണിച്ചെന്ന പേരില്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ശരിയല്ലെന്നും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വികാസ് സിങ് വ്യക്തമാക്കിയിരുന്നു.
NALSAR യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ അധികൃതര്‍ ക്ഷണിച്ചതോടെയാണ് വിയോജിപ്പ് അറിയിച്ച് വിദ്യാര്‍ഥികള്‍ മെയില്‍ അയച്ചത്. നീറ്റ് ക്രമക്കേടില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതിലെ കേസ് പരിഗണിക്കവേ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നായിരുന്നു വിദ്യാര്‍ഥികളുടെ ബഹിഷ്കരണ ഭീഷണി. ഇത് രാജ്യമെങ്ങും വലിയ ചര്‍ച്ചയാകുകയും ചെയ്തു.