jharkhand-protest

ജാർഖണ്ഡിൽ വിദ്യാർഥി, ഉദ്യോഗാർഥി സമരത്തിനുനേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം.  ബി.ജെ.പി ആഹ്വാനം ചെയ്ത ബന്ദിലും എബിവിപി പ്രവര്‍ത്തകരുടെ  നിയമസഭാ പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി. ബി.ജെ.പി രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ ആരോപിച്ചു. നിരാഹാരത്തിലുള്ള വിദ്യാർഥി നേതാവ് നേതാവ് മഹ്തോയുടെ നില ഗുരുതരമായി തുടരുകയാണ്.

ഇന്നലെ വിദ്യാർഥികളും ഉദ്യോഗാർഥികളും നടത്തിയ നിയമസഭാ മാര്‍ച്ചിനുനേരെയുണ്ടായ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയുടെ ബന്ദ്.  രാവിലെ എട്ടുമണിക്കാരംഭിച്ച ബന്ദില്‍ പലയിടത്തും പ്രതിഷേധക്കാർ റോഡ് തടഞ്ഞു.  പൊലിസുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിയമസഭയ്ക്കു മുന്നില്‍ പ്രതിഷേധിച്ച എ.ബി.വി.പിയുടെ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തുനീക്കാന്‍ ശ്രമിച്ചതും സംഘര്‍ഷത്തില്‍ കലാശിച്ചു.  

എജെഎസ്‌യു എംഎൽഎ നിർമ്മൽ മഹ്തോ ജാർഖണ്ഡ് നിയമസഭാ മന്ദിരത്തില്‍ തറയില്‍ കിടന്ന് പ്രതിഷേധിച്ചു. നിയമസഭ മാർച്ചിനുനേരെ പൊലീസ് രാത്രിയിലടക്കം പലതവണ ലാത്തിച്ചാർജും  ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു. ഒട്ടേറെ പ്രതിഷേധക്കാര്‍ക്കാണ് പരുക്കേറ്റത്. 

ജാര്‍ഖണ്ഡിലെ സമരം ഇന്ന് 18-ാം ദിവസത്തിലാണ്.  10 ദിവസമായി നിരാഹാരത്തിലുള്ള വിദ്യാർഥി നേതാവ് നേതാവ് ദേവേന്ദ്ര മഹ്തോയെ ഇന്നലെ മാർച്ചിനിടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്നു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്കേ, മഹതോയെ വിഡിയോ കോളില്‍ പിന്തുണ അറിയിച്ചു.  ജാര്‍ഖണ്ഡിലെ പ്രതിഷേധവും പൊലീസ് നടപടിയും പാര്‍ലമെന്‍റിലടക്കം ബി.ജെ.പി  പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുകയാണ്.  രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളുമായി സംസാരിച്ചെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.  പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പൊലീസ് മാധ്യമ പ്രവര്‍ത്തകന്‍ അമൻ ചോപ്രയെ കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധം ശക്തമാണ്.