Image credit:x/@sougat18

  • പിറ്റ്ബുള്‍ പോലെയുള്ള ആക്രമണകാരികളായ നായകളെ വീട്ടില്‍ വളര്‍ത്തുന്നതിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതാണ്

വീട് വാടകയ്ക്ക് കിട്ടുമോയെന്ന് നോക്കാന്‍ ചെന്ന ദമ്പതികള്‍ക്ക് പിറ്റ്ബുളിന്‍റെ കടിയേറ്റു. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. ഘുമന്‍നഗറില്‍ വച്ചാണ് അങ്കിത് സബര്‍വാളിനും ഭാര്യ ഷിഫാലിക്കും വളര്‍ത്തുനായയുടെ കടിയേറ്റത്. ഷിഫാലിക്ക് ഗുരുതരമായ മുറിവാണുള്ളത്. ശസ്ത്രക്രിയയടക്കം വേണ്ടി വന്നതായി പൊലീസ് അറിയിച്ചു. നിരോധിതയിനം നായയാണ് പിറ്റ്ബുള്‍. ഇത്തരം ആക്രമണകാരികളായ നായകളെ വീട്ടില്‍ വളര്‍ത്തുന്നതിന് നേരത്തെ തന്നെ രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

വീടിന്‍റെ ഗേറ്റ് തുറന്നതും പിറ്റ്ബുള്‍ കുരച്ച് കൊണ്ട് ചാടി വന്നുവെന്നും തന്റെ ഭാര്യയെ ആക്രമിച്ചുവെന്നും അങ്കിത് പറയുന്നു. ഷിഫാലിയുടെ കയ്യും മറ്റ് ശരീരഭാഗങ്ങളും കടിച്ചു മുറിച്ചു. പിടിച്ചു മാറ്റാന്‍ ശ്രമിച്ച അങ്കിതിനെയും ഒന്നിലേറെത്തവണ നായ കടിച്ചു. സാരമായി മുറിവേറ്റ ഷിഫാലിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അങ്കിതിന്‍റെ കാലിലും പിന്‍ഭാഗത്തുമാണ് പിറ്റ്ബുളിന്‍റെ കടിയേറ്റത്. അയല്‍വാസികളടക്കം ഓടിയെത്തി നായയെ അടിച്ചോടിക്കാന്‍ ശ്രമിച്ചുവെങ്കിലും നായ പിന്‍മാറിയില്ല. ഒടുവില്‍ നാലുപേര്‍ ചേര്‍ന്ന് നായയെ തുരത്തി ദമ്പതിമാരെ രക്ഷിക്കുകയായിരുന്നു. 

സംഭവം പൊലീസില്‍ അറിയിച്ചുവെന്നും ഇത്രയും ആക്രമണകാരിയായ നായയെ തുറന്ന് വിട്ടവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുവെന്നും അങ്കിത് പറയുന്നു. പിറ്റ്ബുള്‍ ദമ്പതിമാരെ ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അങ്കിതിനും ഷിഫാലിക്കുമൊപ്പമുണ്ടായിരുന്ന യുവാവ് ഒരു വീടിന്‍റെ ഗേറ്റ് തുറക്കുന്നതും നായ പാഞ്ഞ് പുറത്തേക്ക് വരുന്നതും വിഡിയോയില്‍ കാണാം. ഭയന്ന് അങ്കിതിന് പിന്നിലേക്ക് നിന്ന ഷിഫാലിയെ നായ കടിച്ച് കുടഞ്ഞ് നിലത്തിടുന്നുണ്ട്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ അങ്കിതിനും കടിയേല്‍ക്കുന്നതും വിഡിയോയിലുണ്ട്. ഗേറ്റിനുള്ളില്‍ നിന്ന് വടിയുമായി ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങി വന്ന് നായയെ തല്ലുന്നുണ്ടെങ്കിലും ദമ്പതിമാരെ ആക്രമിക്കുന്നത് നായ തുടരുകയായിരുന്നു. ഇത്തരം നായകളെ വളര്‍ത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പട്യാല മേയര്‍ അറിയിച്ചു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം ആദ്യം ഗുരുനാനാക് നഗറില്‍ പെണ്‍കുട്ടിക്ക് നേരെയും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു.

ENGLISH SUMMARY:

A couple looking to rent a house in Patiala, Punjab, suffered severe injuries after being attacked by a banned pitbull dog. Ankit Sabharwal and his wife Shifali were rushed by the aggressive animal as soon as a gate was opened in Ghuman Nagar. Shifali sustained critical wounds requiring surgery, while Ankit was also bitten multiple times on his legs and back. Neighbors eventually intervened to rescue the couple, and police have launched an investigation into the owners of the prohibited dog breed.